മികച്ച നടൻ: സുരാജിന് ലഭിച്ചത് മമ്മൂട്ടിക്കോ ബിജു മേനോനോ ലഭിക്കേണ്ട പുരസ്ക്കാരം?ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വിശേഷങ്ങളുമായി രതീഷ് പൊതുവാള്‍

single-img
13 October 2020

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 ആണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നല്ല പ്രതികരണവും ലഭിച്ചു. ഇതിനു പുറമെയാണ് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരം. സംവിധാനത്തിനുള്ള അവാർഡ് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ സുരാജിന് പുരസ്ക്കാരം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും രതീഷ് പൊതുവാള്‍ പറഞ്ഞു.

ഭാസ്കര പൊതുവാൾ എന്ന കഥാപാത്രമായി മെഗാസ്റ്റാർ ഉൾപ്പെടെയുള്ളവർ പല കാരണങ്ങളാൽ ഒഴിവായതോടെ കഥാപാത്രമായി ഇണങ്ങുന്ന മറ്റൊരു നടനെ തിരയുകയായിരുന്നു. പിന്നീട് സുരാജിലേക്ക് എത്തുകയായിരുന്നു.- രതീഷ് പൊതുവാള്‍ വ്യക്തമാക്കി. സുരാജ് വെഞ്ഞാറമൂടിനെയും സൗബിന്‍ ഷഹീറിനെയും ഒരു കുഞ്ഞൻ റോബോട്ടിനെയും ചേർത്ത് ഒരുക്കിയ വ്യത്യസ്ത പ്രമേയമായിരുന്നു രതീഷ് പൊതുവാള്‍ രചിച്ച സിനിമ.

“ഭാസ്കര പൊതുവാൾ എന്ന വയോധിക കഥാപാത്രത്തിന് യോജിക്കുന്ന നടന്മാരെ വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാനസിക സംഘർഷവും വാത്സല്യവും പ്രകടിപ്പിക്കേണ്ട ഒരു പ്രത്യേക കഥാപാത്രമാണ് ഭാസ്കര പൊതുവാൾ. എന്നാൽ രചനാ ഘട്ടത്തിൽ ആരെയും മനസ്സിൽ കണ്ടിരുന്നില്ല. കഥ കേട്ട പാടെ സുരാജ് സമ്മതം മൂളി. നടൻ സൗബിന്റെ വ്യത്യസ്ത സ്വഭാവക്കാരനായ അച്ഛനെയാണ് അവതരിപ്പിക്കേണ്ടത്. അതിനായി സുരാജ് നന്നായി ഗൃഹപാഠം ചെയ്തു”- രതീഷ് പൊതുവാള്‍ പറഞ്ഞു.

റോബോട്ടായി സൂരജ് തേലെക്കാട്ടിനെയാണ് നിശ്ചയിച്ചത്. ഹിതോമി എന്ന വിദേശ വനിതയായി കെൻഡി സിർദോയെയും തെരഞ്ഞെടുത്തു. “പക്ഷെ, വയോധികനെ അവതരിപ്പിക്കാൻ പലരുടെ പേരുകൾ നിർദേശിക്കപ്പെട്ടു. കഥയുമായി മമ്മൂട്ടിയെയും ബിജു മേനോനെയുമാണ് ആദ്യം സമീപിച്ചത്. അസാധാരണമായ പ്രമേയമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പൻ. അവർ ഒഴിഞ്ഞു. ഒടുവിൽ പ്രൊഡ്യൂസർ നിർദേശിച്ച പേരാണ് സുരാജ് വെഞ്ഞാറമൂട്.”-രതീഷ് പൊതുവാള്‍ പറഞ്ഞു.

തിരക്കഥ വായിച്ച ശേഷം മറ്റു സിനിമാ സെറ്റുകളിൽ നിന്നു പോലും ചില പ്രത്യേകതകൾ ഉള്ള വൃദ്ധരുടെ ഫോട്ടോ സുരാജ് വെഞ്ഞാറമൂട് അയച്ചു തരുമായിരുന്നു. കാരണം, അത്രയ്ക്ക് ആത്മാർത്ഥതയും താല്പര്യമായിരുന്നു സുരാജിനെന്ന് രതീഷ് പൊതുവാള്‍ വ്യക്തമാക്കി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രീകരിക്കും. താൻ മറ്റൊരു പ്രോജെക്ടിലാണ്. അതിനാൽ അതാത് നാട്ടിലെ പ്രമുഖരായിരിക്കും സംവിധായകർ. അതിനുള്ള നടപടിക്രമം പൂർത്തിയാക്കിയെന്നും രതീഷ് പൊതുവാള്‍ പറഞ്ഞു.