അന്ന് ആദർശിനെ വെട്ടിക്കൊന്ന നിധിൽ ജന്മഭൂമിക്ക് ക്രിമിനൽ: ഇന്ന് നിധിൽ കൊല്ലപ്പെട്ടപ്പോൾ സുരേന്ദ്രന് ബലിദാനി

single-img
13 October 2020

അന്തിക്കാട്‌ കൊല്ലപ്പെട്ട നിധിലിനെ മുമ്പ് ക്രിമിനൽ എന്നു വിശേഷിപ്പിച്ച് ആർഎസ്എസ് മുഖപത്രമായ ജന്മഭൂമി. ഇന്ന് നിധിൽ കൊല്ലപ്പെട്ടപ്പോൾ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർക്ക് അദ്ദേഹം ബലിദാനിയായി മാറി. താന്ന്യത്ത്‌ ആദർശ്‌ എന്ന യുവാവിനെ വെട്ടിക്കൊന്ന കേസിൽ നിധിൽ അറസ്‌റ്റിലായപ്പോഴാണ്‌   ജൂലൈ അഞ്ചിലെ ജന്മഭൂമി   ക്രിമിനലാണെന്ന വിശേഷണത്തോടെ ചിത്രം സഹിതം പ്രസിദ്ധീകരിച്ചത്‌.

അന്ന് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ കൊലയ്‌ക്കുകാരണമെന്നും ആ വാർത്തയിലുണ്ട്‌.  ജൂലൈ രണ്ടിനാണ്‌ താന്ന്യത്ത്‌ ആദർശിനെ വെട്ടിക്കൊന്നത്‌.  ആദർശിൻ്റെ കൊലപാതകം  ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിൻ്റെ തുടർ്ചയാണെന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ കെ അനീഷ്‌കുമാറും പ്രസ്താവിച്ചത്. ഇതും ജന്മഭൂമിയിൽ പ്രസിദ്ധീരിച്ചിട്ടുണ്ട്. 

നിധിൽ എന്ന അപ്പു അന്തിക്കാട്‌ പൊലീസ്‌ സ്റ്റേഷൻ റൗഡിയാണെന്ന്‌  ജന്മഭൂമിതന്നെ പ്രസിദ്ധീകരിച്ചു.    ആദർശ്‌ കൊലക്കേസിൽ  നിധിലിന്റെ സഹോദരൻ നിജിലും നിമേഷും  പ്രതികളാണ്‌. ജനതാദൾ യു നേതാവ്‌ ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ നിജിൽ പ്രതിയായിരുന്നു.  ഈ വിവരങ്ങളടക്കം ചിത്രം സഹിതമാണ്‌ പ്രസിദ്ധീകരിച്ചത്‌. 

ആദർശ്‌ കൊലക്കേസിൽ എട്ടാംപ്രതിയാണ്‌ കൊല്ലപ്പെട്ട നിധിൽ. ആദർശിനെ കൊലപ്പെടുത്തിയ  പ്രതികൾ ക്രിമിനൽ സംഘമാണെന്നും കുടിപ്പകയാണ്‌ കൊലയ്‌ക്കുകാരണമെന്നും പൊലീസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  സംഘത്തിൽപ്പെട്ടവർ കൊലപാതകം, വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. 

പ്രതികൾ ആർഎസ്‌എസ്‌ ക്രിമിനൽ സംഘമാണെന്ന്‌ ആരോപണം ഉയർന്നപ്പോൾ അതെല്ലാം ബിജെപി നേതാക്കൾ തള്ളിയിരുന്നു.  ഇപ്പോൾ  നിധിൽ കൊല്ലപ്പെട്ടപ്പോൾ ബിജെപി   പ്രവർത്തകനാണെന്നും രാഷ്‌ട്രീയ കൊലപാതകമെന്നുമാണ്‌   കെ സുരേന്ദ്രൻ അടക്കമുള്ള  നേതാക്കൾ ഇന്ന് നുണപ്രചരണം നടത്തുന്നത് എന്നാണ് സിപിഎമ്മിൻ്റെ ആരോപണം. എന്നാൽ സുേന്ദ്രൻ്റെ ഈ വാദം ജന്മഭൂമിയുടെ തന്നെ വാർത്തിയിലൂടെ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്.