ഹാഥ്രസിൽ ഇരയായ പെൺകുട്ടി മാന്യമായ സംസ്കാരം അർഹിച്ചിരുന്നു: യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

single-img
13 October 2020

ലക്നൌ: ഹാഥ്രസിൽ (Hathras) ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം മാന്യതയില്ലാതെ സംസ്കരിച്ച ഉത്തർ പ്രദേശ് പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതിയുടെ (Allahabad High Court) ലക്നൌ ബെഞ്ച്. ഇരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മനുഷ്യാവകാശം പ്രാദേശിക ഭരണകൂടം ലംഘിച്ചുവെന്നും കോടതി പറഞ്ഞു.

“അന്തസോടെ ജീവിക്കാനും മരണത്തിന് ശേഷവും അന്തസോടെ തന്റെ അസ്തിത്വം നിലനിർത്താനും മാന്യമായ ശവസംസ്കാരം ലഭിക്കാനുമുള്ള ഇരയുടെ അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു. ഇത് അവരുടെ കുടുംബാംഗങ്ങളുടെ മാത്രമല്ല, അവിടെക്കൂടിയിരുന്ന എല്ലാ ബന്ധുക്കളുടെയും മറ്റ് വ്യക്തികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ട്. തന്റെ മതവിശ്വാസവും ആചാരങ്ങളുമനുസരിച്ച് തന്റെ കുടുംബാംഗങ്ങൾ നടത്തുന്ന മാന്യമായ ഒരു ശവസംസ്കാരം ആ പെൺകുട്ടി അർഹിച്ചിരുന്നു. ശവസംസ്കാരം എന്നത് ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് ഒരു ക്രമസമാധാന പ്രശ്നത്തിന്റെയും പേരുപറഞ്ഞ് ഒഴിവാക്കാൻ ആർക്കും അവകാശമില്ല.”

ജസ്റ്റിസ് പങ്കജ് മിഥലും (Justice Pankaj Mithal) രാജൻ റോയിയും ( Justice Rajan Roy) അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ മതിയായ ന്യായീകരണം നൽകാൻ അധികാരികൾക്ക് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. അരമണിക്കൂർ മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കാൻ കുടുംബാംഗങ്ങളെ അനുവദിക്കാൻ പോലും തയ്യാറാകാതെ സംസ്കാരം നടത്തിയ ഈ സംഭവത്തെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവത്തിന് രാഷ്ട്രീയ നിറമുണ്ടായി അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ ശവദാഹം നടത്തിയതെന്നായിരുന്നു പ്രാദേശിക ഭരണകൂടത്തിന്റെ വിശദീകരണം.

അതേസമയം അടുത്ത ബന്ധുക്കളിൽ ഒരാളെപ്പോലും ശവദാഹത്തിൽ പങ്കെടുപ്പിച്ചില്ലെന്നും പെൺകുട്ടിയുടെ മുഖം പോലും കാണാൻ തങ്ങളെ അനുവദിച്ചില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ കോടതിയെ അറിയിച്ചു. ശവദാഹം രാവിലെ നടത്താമെന്നുള്ള കുടുംബാഗങ്ങളുടെ അപേക്ഷയും ഭരണകൂടവും പൊലീസും വകവെച്ചില്ലെന്നും അവർ പറഞ്ഞു.

“ഇന്ത്യ മാനവികതയുടെ മതം പിന്തുടരുന്ന രാഷ്ട്രമാണ്. അവിടെ നാമോരോരുത്തരും മറ്റുള്ളവരെ അവരുടെ ജീവിതത്തിലും മരണത്തിലും ബഹുമാനിക്കാൻ തയ്യാറാകണം. എന്നാൽ ലഭ്യമായ വിവരങ്ങളനുസരിച്ച് ഹാഥ്രസ് സംഭവത്തിലെ ഇരയായ പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ സംസ്കരിക്കാനുള്ള തീരുമാനമെടുത്തത് പ്രാദേശിക ഭരണകൂടവും അത് നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഹാഥ്രസിലെ ജില്ലാ മജിസ്ട്രേറ്റുമാണ്. ഭരണകൂടത്തിന്റെ ഈ നടപടി ഏത് ക്രമസമാധാനപരിപാലനത്തിന്റെ പേരിലായാലും പ്രഥമദൃഷ്ട്യാ ഇരയുടെയും അവരുടെ കുടുംബത്തിന്റെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.”

കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21, 25 എന്നിവ പ്രകാരമുള്ള മൌലികാവകാശങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. അതിനുത്തരവാദികൾ ആരായാലും അവരെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കണം. ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് ശരിയായ ശവസംസ്കാരച്ചടങ്ങുകൾ നടത്താൻ കഴിയാത്തതുമൂലമുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാകണമെന്നും കോടതി നിരീക്ഷിച്ചു.

ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം കാര്യങ്ങൾക്കായി ഒരു കരട് രേഖ തയ്യാറാക്കി അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരാകണമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു. ശവദാഹത്തിനുള്ള മൌലികാവകാശം ലംഘിക്കപ്പെട്ടത് ചോദ്യം ചെയ്തുകൊണ്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച സുവോ മോട്ടോ ( Suo Motto) ഹർജ്ജിയിലായിരുന്നു ഉത്തരവ്.

കേസ് അടുത്തമാസം രണ്ടാം തീയതിയിലേയ്ക്ക് മാറ്റിവെച്ച കോടതി ഇന്നലെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ കേസ് സി ബി ഐ, എസ് ഐ ടി എന്നിവപോലെ ഏതെങ്കിലും ഉന്നത ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവം നടന്ന ദിവസം ഹാഥ്രസിലെ പൊലീസ് സൂപ്രണ്ട് ആയിരുന്ന വിക്രാന്ത് വീർ (Vikrant Vir) കോടതിയിൽ ഹാജരാകണം. സസ്പെൻഷനിലായ അദ്ദേഹത്തിന് പകരം ഇപ്പോൾ ഹാജരായിരിക്കുന്നത് നിലവിൽ എസ്പി ആയ ഉദ്യോഗസ്ഥനാണ്. അദ്ദേഹവും അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന പ്രവീൺ കുമാർ ലക്ഷറും (Praveen Kumar Laxkar) കൊടതിയിൽ നേരിട്ട് ഹാജരായി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

Content: Hathras Victim Was At Least Entitled To Decent Cremation: UP High Court Bench lambastes Government and Authorities