രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അങ്ങേയറ്റം അക്രമങ്ങൾക്ക് വിധേയമാകുന്നു: ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍

single-img
13 October 2020

നമ്മുടെ രാജ്യത്തെ സർക്കാർ സംവിധാനങ്ങളും പോലിസും നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലൂടെ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇപ്പോൾ അങ്ങേയറ്റം അക്രമങ്ങൾക്ക് വിധേയമാകുകയാണെന്നും, ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ അതുവഴി ഇല്ലാതാക്കപ്പെടുകയാണെന്നും സുപ്രിംകോടതിയിലെ മുൻ ജസ്റ്റിസ് മദൻ ബി ലോക്കൂർ. കാര്യങ്ങൾ ഇവിടെ തുറന്നുപറയാൻ ധൈര്യപ്പെടുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഏറ്റവും മോശമായ രീതിയാണ് വ്യക്തികൾക്ക്മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഭരണഘടനാ പരമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും രാജ്യദ്രോഹത്തെയും കൃത്യമായി വേർതിരിച്ചു കാണേണ്ടത് സുപ്രധാനമാണെന്നും എന്നാൽ നിലവിൽ ഈ വേർതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ 1962ൽ തന്നെ സുപ്രിംകോടതി രാജ്യദ്രോഹ നിയമം എന്തെന്ന് വ്യക്തമായി വിശദമാക്കിയിട്ടുള്ളതാണെന്നും എന്നിട്ടുപോലും ഈ നിയമത്തെ മർദ്ദനോപകരണം ആക്കിമാറ്റാൻ നിരവധി മാർഗങ്ങൾ അധികാരികൾ കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ബിജി വർഗീസ് സ്‌മാരക പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം. പൊതുസമൂഹത്തിൽ കലാപത്തിന് കാരണമാകാത്തിടത്തോളവും നിയമവാഴ്ചക്ക് വിഘാതമാകാത്തിടത്തോളവും ഒരു പൗരന് സർക്കാരുകൾക്ക് എതിരേ എന്ത് അഭിപ്രായവും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും സുപ്രിംകോടതി വിധിയെ ഉദ്ധരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.