ഇടവേള ബാബുവിനോടു ഒരു ചോദ്യം കൂടി: താരസംഘടന എടുക്കുന്ന ചിത്രത്തിൽ, ദിലീപ്, ഇന്ദ്രജിത്ത്, മനോജ് കെ ജയൻ, സിദ്ദിഖ്, ഷമ്മി തിലകൻ, ദേവൻ എന്നിവരൊന്നും കാണില്ലല്ലോ, കാരണം അവരെല്ലാം ട്വൻ്റി20യിൽ മരിച്ചു പോയില്ലേ…

single-img
13 October 2020

കഴിഞ്ഞ ദിവസം മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ ‘എഎംഎംഎ’ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് നടനും സംഘടന ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാർത്താചാനലിന്റെ അഭിമുഖപരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. വളരെ തരംതാഴ്ന്ന രീതിയിലാണ് ഇക്കാര്യം ഇടവേള അവതരിപ്പിച്ചത്.  

 ‘മരിച്ചു പോയ ആളുകൾ തിരിച്ചു വരില്ലല്ലോ’ എന്ന് പറഞ്ഞായിരുന്നു അമ്മയുടെ പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു വ്യക്തമാക്കിയത്. 

ഇതിനുപിന്നാലെ തൻ്റെ പ്രസ്താവന തെറ്റായി വ്യഖ്യാനിച്ചതാണെന്നു പറഞ്ഞ് ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ‘ട്വന്റി20 യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’– ബാബു പറഞ്ഞു.

വിവാദപരാമർശം നടത്തിയ ഇടവേള ബാബുവിനെതിരെ പ്രതികരിച്ച് എഎംഎംഎ അംഗത്വം രാജവച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ഇതിനു പിന്നാലെയാണ് സംവിധായകനും നടനുമായ അജിജോണും ബാബുവിന് എതിരെ രംഗത്തെത്തിയിരുന്നു. 

ഇപ്പോഴിതാ എഴുത്തുകാരനായ മുഹമ്മദ് സാദിഖ് ഇടവേള ബാബുവിൻ്റെ ആദ്യപ്രസ്താവനയ്ക്കും അതിൻ്റെ വിശദീകരണത്തിനും എതിരെ രംഗത്തെത്തിയിരിക്കുന്നു. ഇടവേള ബാബുവിൻ്റെ വിശദീകരണമാണ് കൂടുതൽ അബദ്ധമായതെന്നാണ് മുഹമ്മദ് സാദിഖ് വ്യക്തമാക്കുന്നത്. 

മുഹമ്മദ് സാദിഖിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ട്വൻറി 20യിൽ ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാർ എന്ന കഥാപാത്രം മരിച്ചിട്ടില്ല. കോമയിലാകുന്നേയുള്ളു. ഇന്ദ്രജിത് അവതരിപ്പിക്കുന്ന അരുൺകുമാർ മോർഫിൻ കത്തിവെച്ചതിനെ തുടർന്നാണ് അശ്വതി അബോധാവസ്ഥയിലാകുന്നത്.

മരിച്ച കഥാപാത്രങ്ങളെയൊക്കെ ഒഴിവാക്കാൻ തീരുമാനിച്ചാൽ ആദ്യം ഒഴിവാകുക ദിലീപാണ്. ദിലീപിൻ്റെ കാർത്തിയാണ് ആദ്യം മരിക്കുന്നത്. അയാളെ കൊന്ന ഇന്ദ്രജിത്തിൻ്റെ അരുൺകുമാറിനെ മോഹൻലാലിൻ്റെ ദേവൻ കൊല്ലുന്നു. കൂട്ടുപ്രതികളായ ഷമ്മി തിലകൻ്റെ കഥാപാത്രത്തെ ദേവനും മനോജ് കെ ജയൻ്റ കഥാപാത്രത്തെ മമ്മൂട്ടിയുടെ അഡ്വ. രമേശൻ നമ്പ്യാരും കൊല്ലുന്നു. അവരുടെ ബന്ധു സിദ്ദീഖിൻ്റെ മാധവനെ സുരേഷ് ഗോപിയുടെ എസ്.പി ആൻ്റണി പുന്നക്കലും കൊല്ലുന്നു

അപ്പോൾ രണ്ടാം ഭാഗത്തിൽ ഇവരാരും കാണില്ലല്ലോ ല്ലേ?

ഒന്നാം ഭാഗത്തിൽ മരിച്ചവരെ രണ്ടാം ഭാഗത്തിൽ എടുക്കില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ ബാഹുബലിയെ കിട്ടപ്പ പിന്നിൽ നിന്ന് കുത്തി ക്കൊല്ലില്ലായിരുന്നു.  ഈ നിബന്ധന അറിഞ്ഞിരുന്നെങ്കിൽ രാജമൗലി ബാഹുബലിയുടെ രണ്ടാം ഭാഗം എടുക്കില്ലായിരുന്നു.