ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാം: വ്യാജവാർത്ത പ്രസിദ്ധീകരിച്ച് മാതൃഭൂമി

single-img
13 October 2020

ഗ്ലൂക്കോസ് തുള്ളി മൂക്കിലൊഴിച്ചാൽ കോവിഡനെ പ്രതിരോധിക്കാമെന്നു പറഞ്ഞ് മാതൃഭൂമി നൽകിയ വാർത്ത വ്യാജമാണെന്നു കാപ്സ്യൂൾ കേരള. കൊയിലാണ്ടിയിലെ ഇഎൻടി ഡോക്ടർ ഇ. സുകുമാരൻ്റെ കണ്ടെത്തലിന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെയും  ഐ സി എം ആറിൻ്റെയും അഭിനന്ദനം ലഭിച്ചു എന്നാണ് വാർത്തയിൽ പറയുന്നത്. 

കോവിഡിനെ തുരത്താൻ 25ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കിലും തൊണ്ടയിലും ഇറ്റിച്ചാൽ മതി, വൈറസിനെ നശിപ്പിക്കാം എന്നാണ് അവകാശവാദം. ഇത് പ്രവർത്തിക്കുന്ന രീതിയും പത്രം പറയുന്നു. ഗ്ലുക്കോസിലെ ഓക്സിജൻ വിഘടിച്ചു വൈറസിന് മേൽ പ്രവർത്തിച്ചാണ് ഈ ഗുണഫലം ഉണ്ടാക്കുന്നതെന്നും വാർത്തയിൽ വിശദീകരിച്ചിട്ടുണ്ട്. 

ഗ്ലൂക്കോസ് സ്റ്റേബിൾ ആയ തന്മാത്രയാണ്. വെള്ളത്തിൽ അലിയിച്ചു ശരീരത്തിൽ വെച്ചാൽ അതിൽ നിന്ന് ഓക്സിജൻ പുറത്തുവരികയില്ല. മാത്രമല്ല പുറത്തുവരുന്ന ഓക്സിജൻ അന്തരീകാശത്തിലെ ഓക്സിജൻ പോലെയല്ലേ ഉള്ളൂ. അങ്ങനെയെങ്കിൽ അന്തരീക്ഷത്തിലെ ഓക്സിജൻ എത്തിച്ചാൽ പോരെ എന്നും കാപ്സ്യൂൾ കേരള ചോദിക്കുന്നു. 

ഇനി തന്മാത്രയിൽ നിന്ന് സജീവ ഓക്സിജൻ  ഉല്പാദിപ്പിക്കണമെങ്കിൽ അത് അയോൺ രൂപത്തിൽ വേണം. ഗ്ലുക്കോസിൽ നിന്ന് തൊണ്ടയിൽ എത്തുന്ന ഓക്സിജൻ അയോൺ ആകുമോ എന്ന് ഹൈ സ്‌കൂൾ കെമിസ്ട്രി പുസ്തകം പറഞ്ഞുതരുമെന്നും വിദഗ്ദർ പറയുന്നു. 

വൈറസ്സ് തൊണ്ടയിലും മൂക്കിലും നാലുദിവസം അടുത്ത വണ്ടികാത്തു നില്കും പോലെ അവിടെ കാണും എന്ന് കരുതുന്നതും വൈറസിനെക്കുറിച്ചു നിലനിൽക്കുന്ന അജ്ഞത കാണിക്കുന്നുവെന്നാണ് കാപ്സ്യൂൾ കേരള പറയുന്നത്. ഇത്തരം കാര്യങ്ങൾ വളരെ പെട്ടെന്നുതന്നെ ശരിതെറ്റുകൾ കണ്ടെത്താവുന്നതാണ് എന്നിരിക്കെ നമ്മുടെ റിപ്പോർട്ടുകൾ ഇങ്ങനെ ആണോ വേണ്ടത് എന്നു മാധ്യമങ്ങൾ ആലോചിക്കണമെന്നും അവർ മുന്നറിയിപ്പു കൊടുക്കുന്നു. 

ഐ സി എം ആറിന് ഇതുപോലുള്ള നൂറുകണക്കിന് അവകാശവാദങ്ങളും തോന്നലുകളും സ്ഥാപനങ്ങളും വ്യക്തികളും അയച്ചുകൊണ്ടിരിക്കും. തങ്ങളുടെ ആശയം അയച്ചുതന്നതിനു നന്ദി. കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ യുക്തമായ ഗവേഷണസ്ഥാപനങ്ങളെ സമീപിക്കുക എന്നാണ് ഐ സി എം ആർ മറുപടി കൊടുക്കുക. ഇവിടെയും അതുതന്നെയാണ് സംഭവിച്ചതെന്നും കാപ്സ്യൂൾ കേരള ചൂണ്ടിക്കാട്ടുന്നു.

അജ്ഞതയുടെ മൊത്തവിതരണംപുതിയൊരു വാർത്ത കേൾക്കുക. സാധാരണയായി വ്യാജവാർത്തകൾ വരുന്ന സാമൂഹിക മാധ്യമങ്ങളിലല്ല. …. എറെ…

Posted by Capsule Kerala on Monday, October 12, 2020