ചാണകത്തിൽ നിന്നും ചിപ്പ്, റേഡിയേഷന്‍ കുറയ്ക്കാനും രോഗങ്ങള്‍ തടയാനും അപാര ശേഷി: രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷന്‍

single-img
13 October 2020

ചാണകത്തിലെ ചിപ്പുകള്‍ക്ക് അസാമാന്യ കഴിവുണ്ടെന്ന കണ്ടെത്തലുമായി രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷന്‍ വല്ലഭായ് കത്തിരിയ. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ കുറയ്ക്കാനും രോഗങ്ങള്‍ തടയാനുമുള്ള ശേഷി ഈ ചിപ്പുകൾക്ക് ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യവ്യാപകമായി നടത്തുന്ന കാമധേനു ദീപാവലി അഭിയാന്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് വിചിത്രവാദങ്ങളുമായി അദ്ദേഹം രംഗത്തെത്തിയത്. 

ചാണകം എല്ലാവരേയും സംരക്ഷിക്കും. ഇത് റേഡിയേഷന്‍ തടയുന്നു. അത് ശാസ്ത്രീയമായി തെളിയിച്ചതാണ്. ചാണകത്തില്‍ നിന്നുള്ള ചിപ്പ് മൊബൈല്‍ ഫോണില്‍ വച്ചാല്‍ റേഡിയേഷന്‍ തടയാന്‍ കഴിയും. അതുവഴി നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷണം കിട്ടും- അദ്ദേഹം പറഞ്ഞു. 

ചാണകത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് കാമധേനു ദീപാവലി അഭിയാന്‍ പരിപാടി. ‘ഗോസത്‌വ കവച്’ എന്നാണ് ചാണകത്തില്‍ നിന്നും നിര്‍മ്മിക്കുന്ന ചിപ്പിന് പേര് നൽകിയിട്ടുള്ളത്. രാജ്‌കോട്ടിലെ ശ്രീജി ഗോശാലയാണ് ഇതിൻ്റെ നിര്‍മ്മാതാക്കള്‍.

പശുക്കളുടെ സംരക്ഷണവും പരിപാലനവും സന്താനോത്പാദനവും ലക്ഷ്യമിട്ട് 2019ല്‍ രൂപീകരിച്ച സംഘടയാണ് രാഷ്ട്രീയ കാമധേനു ആയോഗ്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പിന്റെ കീഴില്‍ വരുന്നതാണ് രാഷ്ട്രീയ കാമധേനു ആയോഗ്. വരാനിരിക്കുന്ന ഉത്സവനാളുകളില്‍ ചാണകത്തില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയോഗ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.