ചാണക ശാസ്ത്രവും സാങ്കേതികവിദ്യയും; റേഡിയേഷൻ തടയാൻ ചാണക ചിപ്പ് വാദത്തെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

single-img
13 October 2020

ചാണകത്താല്‍ നിര്‍മ്മിക്കുന്ന ചിപ്പ് റേഡിയേഷന്‍ തടയും എന്ന രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്റെ അവകാശവാദത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. പ്രധാനമന്ത്രി നടത്തിയ കാറ്റാടിയില്‍ നിന്ന് ഓക്‌സിജനും വെള്ളവും വേര്‍തിരിക്കാമെന്ന പ്രസ്താവനയെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ പരിഹാസം. ‘മോദി സര്‍ക്കാരിന്റെ ചാണക ശാസ്ത്രവും സാങ്കേതികവിദ്യയും, ഞങ്ങളുടെ ചീഫ് സയന്റിസ്റ്റ് കാറ്റാടിയന്ത്രങ്ങളില്‍ നിന്ന് വെള്ളവും ഓക്‌സിജനും വേര്‍തിരിച്ചെടുക്കും.

അദ്ദേഹത്തിന്റെ കൂടെയുള്ള മറ്റ് ലെഫ്റ്റനന്റുമാര്‍ കൊവിഡിനെ പപ്പടം കൊണ്ടും ഗോ കൊറോണ മന്ത്രം മുഴക്കിയും നാടുകടത്തുകയും ചെയ്യും. അത്തരത്തില്‍ നമ്മളെ മഹത്തായ മധ്യകാലഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്- എന്ന് പ്രശാന്ത് ഭൂഷന്‍ എഴുതി.

കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ പരിപാലന, ക്ഷീര, മത്സ്യപരിപാലന വകുപ്പിന്റെ കീഴിലുള്ള രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ പശുവിന്റെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ചിപ്പ് റേഡിയേഷന്‍ തടയുമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.