ഇല കണ്ട് അത് ഏത് വിളയാണെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും; വെല്ലുവിളിയുമായി കേന്ദ്രമന്ത്രി

single-img
12 October 2020

കൃഷിയിടത്തിലെ വിളയുടെ ഇലകള്‍ കണ്ട് തിരിച്ചറിഞ്ഞ് അതേത് വിളയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. രാജ്യ വ്യാപകമായി നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരിഹാസം.

കര്‍ഷകരെ കൂട്ടിയുള്ള പ്രതിഷേധങ്ങളിലൂടെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേപോലെ തന്നെ, ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നേരത്തെ രംഗത്ത് വന്നിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് യാതൊന്നുമറിയാത്ത വ്യക്തിയാണ് കാര്‍ഷിക ബില്ലിനെതിരെ സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം.