ട്രംപിൻ്റെ കോവിഡ് മാറാൻ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രാർത്ഥന നടത്തിയ ഇന്ത്യക്കാരനായ `ട്രംപ് രാജു´ കുഴഞ്ഞുവീണു മരിച്ചു

single-img
12 October 2020

യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ സആരോഗ്യം സംരക്ഷിക്കാൻ പ്രാർത്ഥനയുമായി കഴിഞ്ഞ ഇന്ത്യൻ ആരാധകൻ മരിച്ചു. ട്രംപ് രാജു എന്ന ബസ്സ കൃഷ്ണ രാജുവാണ് കുഴഞ്ഞു വീണ് മരിച്ചത്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് ഊണും ഉറക്കവുമുപേക്ഷിച്ച് സൗഖ്യത്തിനായി പൂജയും പ്രാര്‍ഥനയുമായി കഴിഞ്ഞു വരികയായിരുന്നു ഇദ്ദേഹം. മുപ്പത്തെട്ടു വയസ്സായിരുന്നു. 

ഞായറാഴ്ച ഉച്ച കഴിഞ്ഞ് ബന്ധുവിന്റെ വീട്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീണ ബസ്സ കൃഷ്ണ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

തെലങ്കാനയിലെ കോണി സ്വദേശിയായ ബസ്സ കൃഷ്ണ രാജു ട്രംപിനോടുള്ള കടുത്ത ആരാധന മൂലം ട്രംപിന്റെ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ട്രംപിന് കോവിഡ് ബാധിച്ച വാര്‍ത്തയറിഞ്ഞ് ഇദ്ദേഹം വളരെ ദുഃഖിതനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടിരുന്ന ബസ്സ കൃഷ്ണ രാജു ട്രംപിന് വേണ്ടി മൂന്ന് നാല് ദിവസമായി രാവും പകലും പ്രാര്‍ഥനയോടെ കഴിയുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 

തൻ്റെ ഫേസ്ബുക്ക് പേജില്‍ ട്രംപിൻ്റെയും ട്രംപിനെ ആരാധിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളുമാണ് ഇയാള്‍ പങ്കു വെച്ചിരുന്നത്.ട്രംപിനെ ഈശ്വരതുല്യനായാണ് ബസ്സ കൃഷ്ണ രാജു ആരാധിച്ചിരുന്നത്. വീടിന് സമീപത്ത് തന്നെയാണ് ട്രംപിന്റെ പ്രതിമ സ്ഥാപിച്ച് ദിവസവും പൂജയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാജു ചെയ്തിരുന്നത്.