സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് 12000 കോടി പലിശരഹിത വായ്പ നൽകും: കേന്ദ്ര ധനകാര്യമന്ത്രി

single-img
12 October 2020

മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാൻ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. 50വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്‌ക്കേണ്ടത്. 50 ശതമാനം തുക ആദ്യഘട്ടത്തില്‍ അനുവദിക്കും. ഇത് ചെലവഴിച്ചശേഷം ബാക്കി തുക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. 200 കോടി രൂപവീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപവീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും. ജിഎസ്ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കും. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് വകയിരുത്തുക.