‘സംഘികള്‍ മങ്കികളേപ്പോലെ’; ബിജെപിയിൽ ചേർന്ന ഖുശ്ബുവിന്റെ റീട്വീറ്റ് വൈറൽ

single-img
12 October 2020

കോണ്‍ഗ്രസ് വിട്ട് ബിജെപി ക്യാംപിലെത്തിയ ഖുശ്ബുവിനെ തിരിഞ്ഞുകൊത്തി മുന്‍കാല വിമര്‍ശനങ്ങള്‍. ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷ ഭാഷയില്‍ ഖുശ്ബു വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇപ്പോൾ വൈറലാവുകയാണ്. ‘സംഘികള്‍ കുരങ്ങന്‍മാരേപ്പോലയാണ് പെരുമാറുന്നത്’ എന്ന് പരിഹസിക്കുന്ന ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി.

ഒക്ടോബര്‍ ഏഴ് വരെ മോഡിയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. മോദിയെ പരാമർശിച്ചു കൊണ്ട് ആഡംബര വിമാനം വാങ്ങിയതിനെ വിമര്‍ശിച്ച് ഒക്ടോബര്‍ ഏഴിന് ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു.

ഇന്നാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ ജനറൽ സെക്രട്ടറി സിടി രവിയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ മോദിയെപ്പോലെ ഒരാളെയാണ് ആവശ്യമെന്ന് ഖുശ്ബു പറഞ്ഞു. നേരത്തെ, കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും ഖുശ്ബു രാജിവെച്ചിരുന്നു.

കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നുവെന്നും സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തിൽ ഖുശ്ബു ആരോപിച്ചു. അടിയന്തരമായി ചേർന്ന നേതൃയോഗം ഖുഷ്ബുവിനെ കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയതിനു പിന്നാലെയായിരുന്നു ഖുഷ്ബു കോൺഗ്രസ് വിട്ടത്.

നേരത്തെ ഡിഎംകെയിൽ നിന്നാണ് ഖുശ്ബു കോൺഗ്രസിലെത്തിയത്. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും ബിജെപിയിലേയ്ക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിൽ ഉൾപ്പെടെ ഖുശ്ബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു.