‘കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ, ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നു’; ഖുഷ്ബു കോൺഗ്രസ് വിട്ടു

single-img
12 October 2020

നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു കോൺഗ്രസ് അംഗത്വം രാജിവച്ചു. താൻ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുന്നതിന്റെ കാരണവും അവർ ചൂണ്ടിക്കാട്ടി. കോൺഗ്രസ്സിൽ പൊതുസമ്മതിയില്ലാത്ത നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആത്മാർത്ഥതയുള്ളവരെ അടിച്ചമർത്തുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ രാജിക്കത്തിൽ ഖുശ്ബു വിശദീകരിച്ചു. അടിയന്തരമായി ചേർന്ന നേതൃയോഗം ഖുഷ്ബുവിനെ കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഖുഷ്ബു കോൺഗ്രസ് വിട്ടത്.

നേരത്തെ ഡിഎംകെയിൽ നിന്നാണ് ഖുശ്ബു കോൺഗ്രസിലെത്തിയത്. കോണ്‍ഗ്രസില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും ബിജെപിയിലേയ്ക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നത്. എന്നാൽ ഖുഷ്ബു ബിജെപിയിൽ ചേരുമെന്ന് ഉറപ്പായി എന്നാണ് റിപ്പോർട്ട്. നടി തിങ്കളാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തത്. റിപോർട്ടുകൾ സാധൂകരിക്കും വിധമാണ് കോൺഗ്രസ്സ് നടപടി.

അതിനിടെ, ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിൽ ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തി. ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ആയിരിക്കും ഖുശ്ബു ബിജെപിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം. എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങൾക്കായാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെയാണ് നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിൽ ഉൾപ്പെടെ ഖുശ്ബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു.