‘നടി ഖുശ്ബു ബിജെപിയിൽ ഉടൻ ചേരുന്നു’, റിപ്പോട്ടിനിടെ കോൺഗ്രസ്സ് നടപടി; ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി

single-img
12 October 2020

നടിയും കോൺഗ്രസ് ദേശീയ വക്താവുമായ ഖുഷ്ബു ബിജെപിയിൽ ചേരുമെന്ന് ഉറപ്പായി എന്ന് റിപ്പോർട്ട്. നടി തിങ്കളാഴ്ച ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തത്. റിപോർട്ടുകൾ സാധൂകരിക്കും വിധമാണ് കോൺഗ്രസ്സ് നടപടി. അടിയന്തരമായി ചേർന്ന കോൺഗ്രസ്സ് നേതൃയോഗം ഖുഷ്ബുവിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കി. അതിനിടെ ബിജെപി ദേശീയ നേതാക്കളെ കാണുന്നതിനായി ഖുശ്ബു ഡൽഹിയിൽ എത്തി.

ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്റെ സാന്നിധ്യത്തിൽ ആയിരിക്കും ഖുശ്ബു ബിജെപിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം. എന്നാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അത്യാവശ്യ കാര്യങ്ങൾക്കായാണ് ഡൽഹിയിലേക്ക് പോകുന്നതെന്നും ഖുശ്ബു ചെന്നൈയില്‍ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചു ട്വീറ്റ് ചെയ്തതോടെ നടി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിൽ ഉൾപ്പെടെ അതൃപ്തി ഉണ്ടായിരുന്ന ഖുശ്ബു പാർട്ടി വിടുമെന്ന് നേരത്തെ മാധ്യമ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇക്കാര്യം നേരത്തെ ഖുഷ്ബു നിഷേധിച്ചിരുന്നു.