ബിപ്ലബിനെ മാറ്റിയില്ലെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തും: ബിജെപി ദേശീയ നേതൃത്വത്തിന് തൃപുരയിലെ ബിജെപി എംഎൽഎമാരുടെ മുന്നറിയിപ്പ്

single-img
12 October 2020

ത്രിപുര മുഖ്യമന്ത്രി‌ ബിപ്ലബ്‌കുമാർ ദേബിനെ മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുര ബിജെപിയിൽ കലാപം. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌കുമാർ ദേബിനെ മാറ്റണമെന്നാവശ്യപ്പെട്ട് എട്ട്‌  ബിജെപി എംഎൽഎമാർ ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലെത്തി. ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുമായി എംഎല്‍എമാര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

സുദീപ്‌ റോയ്‌ ബർമന്റെ നേതൃത്വത്തിൽ എംഎല്‍എമാര്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി ഞായറാഴ്‌ച ചർച്ച നടത്തി. ഈ സംഘം ആഭ്യന്തരമന്ത്രി അമിത്‌ ഷായെ കാണാനും ശ്രമിക്കുന്നുണ്ട്‌. 

ബിപ്ലബ്‌കുമാർ ദേബിൻ്റെ നേതൃത്വത്തിൽ ത്രിപുരയിൽ നടക്കുന്നത് ഏകാധിപത്യമാണെന്നും‌ എംഎൽഎമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. 36 അംഗ ബിജെപി നിയമസഭാ കക്ഷിയിലെ 10 പേർ ഒപ്പമുണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. ഭരണപരിചയവും രാഷ്ട്രീയധാരണയുമില്ലാത്ത ബിപ്ലബിനെ മാറ്റിയില്ലെങ്കിൽ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വിമത‌ എംഎൽഎ സുശാന്ത ചൗധരി മുന്നറിയിപ്പും നൽകി. 

ഒറ്റയ്ക്ക് രണ്ട്‌‌‌ ഡസനിൽപ്പരം വകുപ്പുകളാണ് ബിപ്ലബ് കൈയാളുന്നത്. കോവിഡ്‌ പെരുകുമ്പോഴും സംസ്ഥാനത്ത്‌ ആരോഗ്യമന്ത്രിയില്ലെന്നും വിമത എംഎൽഎ മാർ ചൂണ്ടിക്കാണിക്കുന്നു. റിക്ഷത്തൊഴിലാളികൾ, പച്ചക്കറി കച്ചവടക്കാർ, വ്യവസായികൾ എന്നിങ്ങനെ എല്ലാവരും മുഖ്യമന്ത്രിക്കെതിരായി ‌ പ്രതികരിക്കുന്നുവെന്നും വിമതര്‍ ചൂണ്ടിക്കാട്ടി. 

ഡൽഹിയിൽ  പ്രവർത്തിച്ചുവന്ന ബിപ്ലബിനെ  നരേന്ദ്ര മോദിയുടെ താൽപ്പര്യപ്രകാരമാണ്‌ ത്രിപുരയിൽ മത്സരിപ്പിച്ചത്. പ്രധാനമന്ത്രി അറിയാതെ തീരുമാനം എടുക്കാനാകില്ലെന്നാണ് ബി എൽ സന്തോഷ്‌ വിമതരെ അറിയിച്ചിട്ടുള്ളത്. 

അതേപസമയം സംഘടനയ്ക്കുള്ളില്‍ ചർച്ചചെയ്യേണ്ട കാര്യങ്ങൾ  പുറത്തുപറയുന്നത്‌ ബിജെപിയുടെ ശൈലിയല്ലെന്ന്‌ ത്രിപുര സംസ്ഥാന അധ്യക്ഷൻ മണിക്‌ സാഹ  പ്രതികരിച്ചു. സുദീപ്‌ ബർമനും സുശാന്ത ചൗധരിയും അടക്കമുള്ളവർ 2017ൽ കോൺഗ്രസിൽനിന്നും ബിജെപിയിൽ  എത്തിയവരാണ്‌.