അത് നിങ്ങളുടെ മകളാണെങ്കിൽ ഇങ്ങനെ സംസ്കരിക്കുമായിരുന്നോ; ഹത്രാസ് സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെ ഹൈക്കോടതി

single-img
12 October 2020

ഹത്രാസിൽ ദളിത് യുവതി പീഡനത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെടുകയും തുടർന്ന് വീട്ടുകാരെ കാണിക്കാതെ പോലീസ് മൃതദേഹം ദഹിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹാബാദ് ഹൈക്കോടതി. അത് നിങ്ങളുടെ മകളായിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോയെന്ന് കോടതി ചോദിച്ചു.

മൃതദേഹവുമായി എത്തിയ പോലീസ് ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. പക്ഷെ തങ്ങൾക്ക് അങ്ങിനെ ചെയ്യേണ്ടി വന്നത് അസാധാരണ സാഹചര്യത്തിലാണ് എന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് നിങ്ങളുടെ മകളാണെങ്കിൽ ഇങ്ങനെ ചെയ്യുമോയെന്ന് കോടതി ചോദിച്ചത്, കൊല്ലപ്പെട്ടത് ഒരു സമ്പന്നന്റെ മകളാണെങ്കിൽ ഇതുപോലെയായിരിക്കുമോ സമീപനമെന്നും കോടതി ചോദിക്കുകയുണ്ടായി.

ഹൈക്കോടതിയിൽ കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്കോ മുംബൈയിലേക്കോ ഡൽഹിയിലേക്കോ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിൽ നവംബർ 2 ന് കോടതി വിധി പറയും.