ധോണിക്കും കുടുംബത്തിനുമെതിരെ ഭീഷണി; റാഞ്ചിയിലെ വീടിന്റെ സുരക്ഷ വർദ്ധിപ്പിച്ച് പോലീസ്

single-img
11 October 2020

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനും ഐപിഎല്ലില്‍ ചെന്നൈ ടീമിനെ നയിക്കുകയും ചെയ്യുന്ന മഹേന്ദ്രസിങ് ധോണിയുടെ റാഞ്ചിയിലുള്ള ഫാംഹൗസിന്റെ സുരക്ഷ ജാർഖണ്ഡ് പോലീസ് വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ യുഎഇയിൽ നടക്കുന്ന ഐപിഎൽ ടൂര്‍ണമെന്റിലെ മോശം പ്രകടനത്തിന്റെ പേരിൽ ധോണിക്കും കുടുംബത്തിനുമെതിരെ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.

ഇതേവരെ ടൂർണമെന്റിൽ അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെയും മോശം പ്രകടനത്തിന്റെ പേരിൽ ധോണിയുടെ അഞ്ച് വയസ്സുകാരി മകൾ സിവയ്‌ക്കെതിരെ ഉൾപ്പെടെ ഭീഷണി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയത്തിന്റെ വക്കിൽനിന്ന് തോൽവി സമ്മതിച്ച പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനും ധോണിക്കുമെതിരെ വിമർശനം ശക്തമായത്.

ഈ മത്സരത്തിൽ ചെന്നൈ വിജയത്തിന്റെ വക്കിൽ നിൽക്കെ, ബാറ്റിങ്ങിൽ ധോണിയും കേദാർ ജാദവും സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ് തോൽവിക്കു കാരണമായതെന്ന് രൂക്ഷമായ വിമർശനമുണ്ടായിരുന്നു. നിലവില്‍ റാഞ്ചിയിൽ ധോണിയുടെ ഫാംഹൗസിന് പുറത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. അതിന് പുറമെ ഫാം ഹൗസിന്റെ പരിസരങ്ങളിൽ പട്രോളിങ്ങും ശക്തമാക്കിയതായി പോലീസ് അറിയിച്ചു.