‘ആന്ധ്രാ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു’: സുപ്രീം കോടതി ജഡ്ജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ചീഫ് ജസ്റ്റിസിന് ജഗൻ മോഹൻ റെഡ്ഡിയുടെ കത്ത്

single-img
11 October 2020
jagan mohan reddy supreme court chief jusice letter

സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് എൻ വി രമണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ചീഫ് ജസ്റ്റിസിന് (Chief Justice of India) ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ (Y S Jagan Mohan Reddy) കത്ത്. ഹൈക്കോടതിയിലെ ജഡ്ജിമാരെ ഇദ്ദേഹം സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനായി ഇദ്ദേഹം ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്നും ഈ കത്തിൽ പരാമർശമുണ്ട്.

ഹൈക്കോടതിയെ സ്വാധീനിച്ച് ആന്ധ്രാ സർക്കാരിനെ അട്ടിമറിക്കാൻ ജസ്റ്റിസ് എൻ വി രമണ(Justice N V Ramana) ശ്രമിക്കുന്നു എന്നതാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പ്രധാന ആരോപണം. ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന എൻ ചന്ദ്രബാബു നായിഡുവുമായി ജഡ്ജിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും റെഡ്ഡി ആരോപിക്കുന്നു.

നായിഡുവിന്റെ തെലുഗു ദേശം പാർട്ടിക്കെതിരായ കേസുകൾ ഹൈക്കോടതിയിലെ ചില പ്രത്യേക ജഡ്ജിമാർക്ക് മാത്രമായി അലോക്കേറ്റ് ചെയ്യുന്നതായും ഇതുവഴി വിധികൾ അവർക്ക് അനുകൂലമാകുന്നതായും റെഡ്ഡി സാഹചര്യങ്ങൾ ഉന്നയിച്ച് ആരോപിക്കുന്നു. അമരാവതിയിൽ ജസ്റ്റിസ് രമണയുടെ രണ്ട് പെണ്മക്കൾ ഉൾപ്പെട്ട ഭൂമി ഇടപാടിനെക്കുറിച്ചും കത്തിൽ പരാമർശമുണ്ട്.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ പക്ഷപാതരഹിതമായി പ്രവർത്തിക്കുവാനുതകുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയോട് വയ് എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അപേക്ഷ. ഒക്ടോബർ എട്ടിന് കൈമാറിയ ഈ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഒക്ടോബർ 6 ആണ്. അന്നേ ദിവസമായിരുന്നു ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത് എന്ന കാര്യം നിർണ്ണായകമാണ്.

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന ന്യായാധിപനാണ് ജസ്റ്റിസ് എൻ വി രമണ. അടുത്ത ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെടേണ്ടത് ഇദ്ദേഹമാണ്.