കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബിജെപിയിൽ ചേരുന്നു; അഭ്യൂഹം ശക്തം

single-img
11 October 2020

പ്രശസ്ത തെന്നിന്ത്യന്‍ നടിയും തമിഴ് നാട്ടിലെ കോൺഗ്രസ് വക്താവുമായ ഖുശ്ബു നാളെ ഉച്ചയ്ക്ക് 12.30ന് ശേഷം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഈ രീതിയില്‍ തമിഴ് വാർത്താ ചാനലുകൾ ഫ്ളാഷ് ന്യൂസ് നല്‍കുകയാണ്. താന്‍ ബിജെപിയില്‍ ചേരുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നാല് ദിവസം മുമ്പ് ഖുശ്ബു നിഷേധിച്ചിരുന്നു.

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടില്‍ മത്സരിക്കാന്‍ സീറ്റ് നൽകാത്ത കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് സൂചന. ഇതിനിടയില്‍ കേന്ദ്ര സർക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെ ഖുശ്ബു ബിജെപിയിലേയ്ക്ക് പോകാനൊരുങ്ങുന്നതായുള്ള അഭ്യൂഹം കൂടുതല്‍ ശക്തമാകുകയും ചെയ്തു.

നേരത്തെ ഡിഎംകെയിൽ നിന്നാണ് ഖുശ്ബു കോൺഗ്രസ്സിലെത്തിയത്. അതിന് ശേഷം കോണ്‍ഗ്രസ്സില്‍ താന്‍ പൂര്‍ണ സംതൃപ്തയാണെന്നും ബിജെപിയിലേയ്ക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് അവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പറഞ്ഞിരുന്നത്.