“രാമചന്ദ്രാ നമ്മളാ പാറ്റയെ റോഡിൽ നിന്നും…” : സിനിമാ സ്റ്റൈലിൽ തട്ടിപ്പ് നടത്തിയ വിരുതന്മാർ അറസ്റ്റിൽ

single-img
11 October 2020

കൊച്ചി: ജയറാമും ശ്രീനിവാസനും ഒന്നിച്ച ‘നഗരങ്ങളിൽ ചെന്ന് രാപാർക്കാം’ എന്ന സിനിമയിലെ ഹോട്ടലിൽ നടത്തുന്ന തട്ടിപ്പ് ആരും മറക്കാനിടയില്ല. റോഡിൽ നിന്നെടുത്ത പാറ്റയെ ഭക്ഷണത്തിലിട്ട് ഹോട്ടലുടമയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്ന ജയറാമിന്റെ അതേ തന്ത്രവുമായെത്തിയ രണ്ട് യുവാക്കളാണ് എറണാകുളത്ത് പൊലീസിന്റെ പിടിയിലായത്.

പാഴ്സൽ വാങ്ങിയ സമൂസയിലും പഫ്സിലും ചത്ത പല്ലിയെ കിട്ടിയെന്നു പറഞ്ഞ് ബേക്കറി (Bakery) ഉടമകളെ ഭീഷണിപ്പെടുത്തി 23,500 രൂപ തട്ടിയ മൂന്നംഗ സംഘത്തിലെ 2 പേരാണ് മുളന്തുരുത്തി പൊലീസിന്റെ പിടിയിലായത്. ചെമ്പ് സ്വദേശികളായ പാറായിപ്പറമ്പിൽ അക്ഷയ്കുമാർ (22), കുന്നുവേലിൽ അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്. മുളന്തുരുത്തി (Mulanthuruthy), അരയൻകാവ് എന്നിവിടങ്ങളിലെ ബേക്കറികളിൽ യഥാക്രമം  വ്യാഴവും വെള്ളിയുമായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.

വ്യാഴാഴ്ച മുളന്തുരുത്തി പള്ളിത്താഴത്തെ ബേക്കറിയിൽ നിന്നു സമൂസ പാഴ്സൽ വാങ്ങിയ യുവാക്കൾ ചത്ത പല്ലിയുടെ തല ഇതിനൊപ്പം ഇട്ടശേഷം ബേക്കറിയിലെത്തി പരാതി പറയുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും 20,000 രൂപ ഉടമയിൽ നിന്നു തട്ടിയെടുക്കുകയും ചെയ്തു.

വെള്ളിയാഴ്ച അരയൻകാവിലെ കടയിൽ നിന്നു പഫ്സ് വാങ്ങി സമാനമായ രീതിയിൽ 3,500 രൂപയും തട്ടി. ഇതോടെയാണ് ഉടമകൾ പൊലീസിൽ പരാതി നൽകിയത്. അഡീഷനൽ എസ്ഐമാരായ ഇ.പി. വിജയൻ, ടി.വി. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

Content: Cinema style fraud to blackmail Bakery owner at Ernakulam: 2 arrested