വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ബ്രഹ്മകമലം വീണ്ടും ഹിമാലയത്തില്‍ വിരിയുമ്പോള്‍

single-img
11 October 2020

കോവിഡ് മഹാമാരിയുടെ കാലത്തും ഒരിക്കൽ കൂടി മഞ്ഞുകാലത്തിന്റെ വരവറിയിച്ച് ബ്രഹ്മകമലം വിരിയുകയാണ് ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍. സാധാരണയായി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന ബ്രഹ്മകമലം ഇക്കുറി വിരിയുമ്പോള്‍ ഉത്തരാഖണ്ഡും ഹിമാചല്‍ പ്രദേശും ഉള്‍പ്പടെയുള്ള രാജ്യത്തിന്റെ ഹിമാലയന്‍ മേഖലകളില്‍ മഞ്ഞുകാലത്തിന്റെ തുടക്കമായി എന്ന് പ്രകൃതി മനുഷ്യനെ അറിയിക്കുക കൂടിയാണ്.

ഇപ്പോള്‍ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പ്രദേശങ്ങളില്‍ ആണ് ബ്രഹ്മകമലം കൂടുതലായി വിരിഞ്ഞിരിക്കുന്നത്. മാത്രമല്ല, ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം കൂടിയാണ് ബ്രഹ്മകമലം. രാത്രിനേരം മാത്രം പൂക്കുന്ന ബ്രഹ്മകമലം ഹിമാലയത്തിന്റെ ഉയര്‍ന്ന ശൃംഗങ്ങളിലാണ് സാധാരണ കാണപ്പെടുന്നത്. അതി വിശാലമായി വ്യാപിച്ച ഹിമാലയന്‍ മലനിരകളിലെ പാറകള്‍ക്കും പുല്ലുകള്‍ക്കുമിടയില്‍ ഏകദേശം3000- 5000 മീറ്റര്‍ ഉയരത്തിലാണ് ഈ പുഷ്പം വളരുന്നത്.

ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ വിരിയുന്ന ബ്രഹ്മകമലം ഒക്ടോബര്‍ വരെ കാണാന്‍ കഴിയും. വിവിധ പ്രദേശങ്ങളിലായി ബ്രഹ്മ കമല്‍, കോണ്‍, കപ്ഫു, വാന്‍സെംബ്രു എന്നിങ്ങനെയാണ് പ്രാദേശികമായി ബ്രഹ്മ കമലം അറിയപ്പെടുന്നത്.തെക്ക് ഭാഗത്തെ ഹിമാലയത്തിലും വടക്കന്‍ ബര്‍മയിലും തെക്കുപടിഞ്ഞാറന്‍ ചൈനയിലും മംഗോളിയയിലും കണ്ടുവരുന്ന ചെടിയായ ബ്രഹ്മകമലം ഔഷധാവശ്യങ്ങള്‍ക്കായി തിബറ്റന്‍ ചികിത്സകളിലും ആയുര്‍വേദ മരുന്നുകളിലും ചേരുവയായി ഉപയോഗിക്കുന്നുണ്ട്.

ഹിമാലയന്‍ മലനിരകളിലെ പുഷ്പങ്ങളിലെ രാജാവ് എന്നാണ് ബ്രഹ്മകമലം അറിയപ്പെടുന്നത്.പര്‍പ്പിള്‍ നിറമുള്ള ബ്രഹ്മകമലത്തിന്റെ തലഭാഗം, മഞ്ഞകലര്‍ന്ന പച്ചനിറത്തിലുള്ള നേര്‍ത്ത പാളികളില്‍ ഉള്ളില്‍ മറഞ്ഞിരിക്കുന്നു. ഈ പ്രത്യേകതരം പാളികളാണ് മഞ്ഞില്‍ നിന്നും പുഷ്പത്തിന് സംരക്ഷണം നല്‍കുന്നത്.