2020ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

single-img
10 October 2020

നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു വെർജീനിയന്‍ വെയിൽകാലം എന്ന കൃതിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.41 കവിതകളുടെ സമാഹാരമാണ് ഒരു വെർജീനിയന്‍ വെയിൽകാലം.വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും അർത്ഥപൂർണവുമായ ശില്പവുമാണ് അവാർഡ്. അവാർഡ് തുക അതായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ച ഏഴാച്ചേരി രാമചന്ദ്രന്‍ പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഉള്‍പ്പെടെ വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദന മണിവാതില്‍ പാതിചാരി എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് മറ്റു കൃതികള്‍.