തൃശൂരിൽ ബിജെപി പ്രവർത്തകനായ കൊലക്കേസ് പ്രതിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു

single-img
10 October 2020

തൃശൂരിൽ ബിജെപി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍.  ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. 

കഴിഞ്ഞ ജൂലായിൽ താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതിയായിരുന്നു നിധില്‍. ജാമ്യത്തിലിറങ്ങിയ ശേഷം അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടുമായിരുന്നു. ഇങ്ങനെ, സ്റ്റേഷനില്‍ എത്തി ഒപ്പിട്ട് മടങ്ങുമ്പോൾ കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍, മറ്റൊരു കാറിലെത്തിയ സംഘം വണ്ടിയില്‍ ഇടിപ്പിച്ച് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ നിധില്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘം പിന്‍തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികള്‍ കാറുപേക്ഷിച്ച് സ്ഥലംവിടുകയും ചെയ്തു. ഈ കാര്‍ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.

നിധിലിന്‍റെ സഹോദരനും ആദര്‍ശ് കൊലക്കേസില്‍ പ്രതിയാണ്. ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ല. ആദര്‍ശ് കൊലക്കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നായിരുന്നു നിധിലിനെതിരായ കുറ്റം. ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട നിധിലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 

Content: BJP Worker accused in a murder case hacked to death in Thrissur