വിവാദങ്ങള്‍ക്ക് ശേഷമാണ് അവരുടെ നിയമനത്തെ കുറിച്ച് അറിയുന്നത്; സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ മുഖ്യമന്ത്രി

single-img
10 October 2020

സംസ്ഥാനത്തുനടന്ന വിവാദമായ സ്വർണക്കടത്തുമായും പ്രതി സ്വപ്ന സുരേഷിന് ലഭിച്ച സ്‌പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ടും വിവാദങ്ങൾ പുറത്തുവന്ന ശേഷമാണ് അവരുടെ നിയമനത്തെ കുറിച്ച് താൻ അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ഫോഴ്സ്മെന്റ് ഡയറകടറേറ്റ് തയ്യാറാക്കിയ കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴി ചൂണ്ടിക്കാണിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ രീതിയിലെ നിയമനത്തിന് സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമായി വരുന്നില്ലെന്നും ഈ വിവരം താൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവിലെ മൊഴിയിൽ കാര്യങ്ങൾ വ്യക്തമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും നിയമനകാര്യം തനിക്ക് അറിയാമെന്ന കാര്യം ഉറപ്പിച്ച് പറയുകയല്ല അവർ ചെയ്തിട്ടുള്ളതെന്നും ‘എന്നോട് പറയും എന്ന് അവരോടു പറഞ്ഞിരുന്നു’ എന്നാണ് സ്വപ്ന മൊഴിയിൽ പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. മൊഴിയിലെ പ്രധാനമായ ആ ഭാഗം കാണാതെ പോകരുത്. അങ്ങിനെ പറഞ്ഞതിന്റെ ഭാഗമായി അവർ അങ്ങനെ ധരിച്ചുള്ളതാകാം. തനിക്ക് അത് അറിയാവുന്ന കാര്യമല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.