സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം അതിരൂക്ഷം: മധ്യമേഖലാ നേതൃയോഗത്തിൽ നിന്നും എഎൻ രാധാകൃഷ്ണൻ വിട്ടുനിന്നു, തെക്കൻമേഖലാ യോഗത്തിൽ പങ്കെടുത്താലും മതിയെന്ന്‌ കെ സുരേന്ദ്രൻ

single-img
10 October 2020

ബിജെപിയിൽ ആഭ്യന്തര കലഹം അതിരൂക്ഷം. മഹിളാമോർച്ച സം‌സ്ഥാന സെക്രട്ടറി സ്മിത മേനോൻ്റെ നിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങളാണ് കെട്ടടങ്ങാതെ അവശേഷിക്കുന്നത്. കോട്ടയത്ത്‌  വിളിച്ചുചേർത്ത ബിജെപി മധ്യമേഖലാ നേതൃയോഗത്തിൽനിന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ വിട്ടുനിന്നു.

ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ നേതാക്കൾ പങ്കെടുക്കേണ്ട  മധ്യമേഖലാ നേതൃയോഗമാണ്‌ കോട്ടയത്ത് ചേർന്നത്‌. കോർകമ്മിറ്റി തീരുമാനപ്രകാരം പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ എ എൻ രാധാകൃഷ്ണൻ കോട്ടയത്ത്‌ പങ്കെടുക്കണമായിരുന്നു. 

രാധാകൃഷ്‌ണൻ വിട്ടുനിന്നത്‌ വാർത്തയായതിനെ തുടർന്ന്‌ മറ്റ്‌ കേന്ദ്രത്തിൽ പങ്കെടുപ്പിക്കാനും നേതൃത്വം ശ്രമം നടത്തുന്നുണ്ട്‌. അതേസമയം രാധാകൃഷ്‌ണൻ തെക്കൻമേഖലാ യോഗത്തിൽ പങ്കെടുത്താലും മതിയെന്ന്‌ കെ സുരേന്ദ്രൻ അനുകൂലികൾ പറഞ്ഞു.

കേന്ദ്രസഹമന്ത്രി വി മുരളീധരനുമായി ഇവർക്കുള്ള ബന്ധവും വിദേശയാത്രാ വിവാദവും ബിജെപിക്കുള്ളിലും പുറത്തും ആളിക്കത്തുന്നതിനിടെയാണ് രാധാകൃഷ്‌ണന്റെ യോഗ ബഹിഷ്‌കരണം.