പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ട്, സൈനികര്‍ക്ക് സുരക്ഷിത വാഹനമില്ല: രാഹുല്‍ ഗാന്ധി

single-img
10 October 2020

അതിര്‍ത്തിയില്‍ രാജ്യം കാക്കുന്ന സൈനികര്‍ക്ക് സഞ്ചരിക്കാന്‍ സുരക്ഷിത വാഹനമില്ലെന്നും, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ടെന്നും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ സൈനികരുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ
ഈ വിമര്‍ശനം.

കാശ്മീരില്‍ നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ വേണമെന്ന് കേന്ദ്രത്തിനോട് സിആര്‍പിഫ് ആവശ്യപ്പെട്ടിരുന്നു. ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ വെടിയുണ്ട ഏല്‍ക്കുന്ന തരത്തിലുള്ള ട്രക്കുകളയച്ച് തങ്ങളുടെ ജീവിതം പന്താടുകയാണെന്ന് ട്രക്കില്‍ ഇരിക്കുന്ന ഒരു സൈനികന്‍ ആരോപിക്കുന്നതാണ് വീഡിയോ.

വെടിയുണ്ടകള്‍ തടയാത്ത, ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാന്‍ സൈനികരെ അയക്കുന്നു. പ്രധാനമന്ത്രിക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനമാണ് സര്‍ക്കാര്‍ വാങ്ങിയത്. ഈ പ്രവൃത്തികള്‍ നീതിയാണോയെന്ന് രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.