മത്സരത്തിലെ അവസാന പന്ത് വരെ ആവേശം; രണ്ട് റണ്‍സിന് പഞ്ചാബില്‍ നിന്നും വിജയം പിടിച്ചെടുത്ത് കൊൽക്കത്ത

single-img
10 October 2020

ഇന്ന് നടന്ന ഐപിഎല്‍ മത്സരത്തില്‍ കിങ്സ് ഇലവൻ പഞ്ചാബിന് എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് തകർപ്പൻ ജയം. കളിയുടെ അവസാന പന്തിൽ 6 റൺസ് വേണമെന്ന അവസ്ഥയില്‍ മാക്‌സ്‌വെല്ലിന്റെ ‘സിക്സർ ഷോട്ട്’ ബൌണ്ടറി ലൈനിന് രണ്ടിഞ്ച് അകലെ മാത്രം ദൂരത്തില്‍ പതിക്കുകയായിരുന്നു. ഇതോടുകൂടി ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യത്തിന് 2 റൺസ് അകലെ പഞ്ചാബ് പരാജയം സമ്മതിച്ചു.

വളരെ എളുപ്പത്തില്‍ ജയിക്കാവുന്ന മറ്റൊരു മത്സരമാണ് കിങ്സ് ഇലവൻ പഞ്ചാബ് ഇന്നും കൈവിട്ടത്. പഞാബിനായി മായങ്ക് അഗര്‍വാളും (39 പന്തിൽ 56) കെഎല്‍ രാഹുലും (58 പന്തിൽ 74) ചേര്‍ന്നൊരുക്കിയ ഓപ്പണിങ് കൂട്ടുകെട്ട് വിജയത്തിന്റെ കാര്യത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. വിജയ ലക്ഷ്യം താരതമ്യേന ചെറുതായതുകൊണ്ട് സാവധാനമാണ് പഞ്ചാബ് ബാറ്റ് ചെയ്തത്.

കൊല്‍ക്കത്തയുടെ ബൗളര്‍മാരെ ഒരിക്കല്‍ പോലും കടന്നാക്രമിക്കാന്‍ കിങ്‌സ് ഇലവന്‍ തയ്യാറായില്ല എന്നതില്‍ നിന്നും ഇത് വ്യക്തമാണ്. ആദ്യ പവര്‍പ്ലേ ഓവര്‍ തീരുമ്പോള്‍ 47 റണ്‍സാണ് മായങ്ക് – രാഹുല്‍ കൂട്ടുകെട്ട് നേടിയത്. തുടര്‍ന്ന് പത്താം ഓവര്‍ പിന്നിട്ടപ്പോള്‍ സ്‌കോര്‍ 76 എത്തി. പിന്നീട് 15 ആം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയാണ് മായങ്കിന്റെ (39 പന്തില്‍ 56) രൂപത്തില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

തുടര്‍ന്ന് ക്രീസില്‍ എത്തിയ നിക്കോളസ് പൂരന്‍ രാഹുലിനൊപ്പം ചേര്‍ന്ന് അനായാസം റണ്‍സ് കണ്ടെത്തി. നരെയ്ന്റെ 18 ആം ഓവറിലാണ് പൂരൻ (10 പന്തിൽ 16) പുറത്താകുന്നത്. 19 ആം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും (7 പന്തിൽ 4) രാഹുലും (58 പന്തിൽ 74) പുറത്തായതോടെ 6 പന്തിൽ 14 റൺസ് എന്നായി ലക്‌ഷ്യം.

ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയിരുന്നു. വരില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട നായകൻ ദിനേശ് കാർത്തിക്കാണ് കൊല്‍ക്കത്തയുടെ ടോപ്‌സ്‌കോറര്‍. കാർത്തിക് വെറും 29 പന്തില്‍ 58 റണ്‍സെടുത്തു. പഞ്ചാബ് ടീമില്‍ മുഹമ്മദ് ഷമിക്കും രവി ബിഷ്‌ണോയിക്കും അർഷദീപ് സിങ്ങിനും ഓരോ വിക്കറ്റുവീതമുണ്ട്.