ജോസ് കെ മാണി ബിജെപി മുന്നണിയിലേക്ക്? സൂചന നൽകി കെ സുരേന്ദ്രൻ

single-img
10 October 2020

ജോസ് കെ മാണി എന്‍ഡിഎയുടെ ഭാഗമായേക്കും എന്ന സൂചനയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജോസ് കെ മാണിക്ക് എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കനാകില്ലെന്നും അത്തരത്തില്‍ ഒരു തീരുമാനം അദ്ദേഹം എടുത്തതായി കരുതാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നിലവില്‍ രാജ്യസഭാംഗമായ ജോസ് കെ മാണിയ്ക്ക് കേന്ദ്രമന്ത്രി പദവി നല്‍കി എന്‍ഡിഎയില്‍ എത്തിച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകളെന്ന് മംഗളം റിപ്പോർട്ടു ചെയ്യുന്നു. 

റാംവിലാസ് പാസ്വാൻ മരണപ്പെട്ടതിനു പിന്നാലെ എൻഡിഎ മന്ത്രിസഭയിൽ അഴിച്ചുപണിയുണ്ടാകുമെന്നും ആ സാഹചര്യത്തിൽ ജോസ് കെ മാണിക്ക് മന്ത്രി പദവി ലിക്കുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേസമയം എല്‍ഡിഎഫ് പ്രവേശനത്തിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസ് പിന്തുണയോടെ നേടിയെടുത്ത രാജ്യസഭാംഗത്വം രാജി വെയ്ക്കുമെന്നാണ് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്. 

ജോസ് കെ മാണിയുടെ വരവിന് മുന്നോടിയായിഎല്‍ഡിഎഫിലും പ്രശ്‌നങ്ങള്‍ തല പൊക്കിത്തുടങ്ങിയിട്ടുണ്ട്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിന് എതിരെ സിപിഐയും എന്‍സിപിയും ഇടഞ്ഞു നില്‍ക്കുകയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളാ കോണ്‍ഗ്രസില്‍ നിന്നും പിടിച്ച പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയാണ് പ്രധാനമായും ജോസ് കെ മാണിയുടെ വരവിനെ എതിർക്കുന്നത്. 

രാജ്യസഭാ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത എന്‍സിപി നേതാവ് മാണി സി കാപ്പന്‍ നേരത്തേ തന്നെ തള്ളിയിരുന്നു. പാലായും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പെടെ കോട്ടയം ജില്ലയിലെ നാലു സീറ്റുകളിലാണ് ജോസ് കെ മാണി പ്രധാനമായും കണ്ടു വെച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ.