കോവിഡ്: ജാഗ്രത വെടിയാൻ നിർബന്ധിതരാകുന്നത് എന്ത്കൊണ്ട്? അനന്തു എഴുതുന്നു

single-img
10 October 2020

ലോകം കണ്ട ഏറ്റവും വലിയ പകർച്ച വ്യാധികളുടെ പട്ടികയിൽ കോവിഡ് – 19 എന്ന മഹാമാരി ഇടം പിടിച്ചു കഴിഞ്ഞു. ഈ രോഗവ്യാപനത്തിന്റെ ആദ്യഘട്ടം മുതലേ ഏറ്റവും മാതൃകാപരമായ മുൻകരുതലുകളും, പ്രശംസനീയമായ പ്രതിരോധ പ്രവൃത്തനങ്ങളുമാണ് നമ്മുടെ കൊച്ചു കേരളം നടത്തിയത്.

കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ ലോകാരോഗ്യസംഘടനയും ലോകമെമ്പാടുമുള്ള വികസിത രാഷ്ട്രങ്ങളും അത്യധികം പ്രകീർത്തിക്കുകയും, മാതൃകയാക്കുകയും ചെയ്തു. ഇത് ഓരോ മലയാളിക്കും ഏറെ അഭിമാനിക്കുവാൻ കഴിയുന്ന ഒന്നാണ്.എന്നാൽ ഇപ്പോൾ ദിനംപ്രതി ഉയരുന്ന രോഗനിരക്ക് തുടക്കം മുതലേ പുലർത്തി വന്ന ജാഗ്രത വെടിഞ്ഞുവോ എന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

എന്തുകൊണ്ടാണ് നാം ജാഗ്രത വെടിയാൻ നിർബന്ധിതരാകുന്നത്? ഉത്തരം ലളിതമാണ്. സ്വാർത്ഥതാല്പര്യങ്ങൾക്ക് പിന്നാലെയുള്ള നമ്മുടെ പരക്കം പാച്ചിൽ തന്നെയാണ് ഇത്രയും ഭീതിപരത്തുന്ന രോഗവ്യാപനത്തിലേക്ക് എത്തിച്ചത്. യാതൊരു സുരക്ഷാ നിർദ്ദേശങ്ങളും വകവെക്കാതെയാണ് നാം പൊതുനിരത്തിൽ ഇറങ്ങുന്നു, ജാഗ്രത വെടിഞ്ഞു യാത്രചെയ്യുന്നു, ഉല്ലസിക്കുന്നു.

ഈ അവസരത്തിൽ നാം ഒട്ടും മറന്നുകൂടാത്ത ചില കാര്യങ്ങളുണ്ട്, ചില മനുഷ്യരുണ്ട്, അവരുടെ രാപ്പകൽ ഭേദമന്യേയുള്ള
പകരംവെയ്ക്കാനില്ലാത്ത ത്യാഗങ്ങളുമുണ്ട്. പാതി മുഖവും, മുഴു മേനിയും മറച്ച്, ഉറ്റവരിൽ നിന്നും, ഉടയവരിൽ നിന്നും വേർപെട്ട്, സ്വകാര്യജീവിതം ഉപേക്ഷിച്ചു രാപ്പകലില്ലാതെ മഹാമാരിയോടു പട പൊരുതി ജന്മനാടിനെ മാറോടണയ്ക്കുന്ന അവരെ മറന്നു പോകരുത് നാം…

സ്വാർത്ഥതല്പരരാകുമ്പോൾ, ജാഗ്രത വെടിയുമ്പോൾ, പൊരുതി വീണുപോയവരെ മറക്കരുത് നാം. അവർക്കുമുണ്ടായിരുന്നു സ്വകാര്യജീവിതം, അവർക്കുമുണ്ടായിരുന്നു പ്രിയപ്പെട്ടവർ, അവരും പോകാൻ കൊതിച്ച സ്ഥലങ്ങളുണ്ടായിരുന്നു, കാണാൻ കൊതിച്ച കാഴ്ചകളും. നമുക്കു വേണ്ടി രക്ഷാവലയമൊരുക്കി ജീവൻ വെടിഞ്ഞവരവാണവർ. സിസ്റ്റർ ലിനിയും മഹാമാരിയിൽ ജീവൻ ബലിയർപ്പിച്ച മാറ്റനേകം ആരോഗ്യ പ്രവർത്തകരും.

സർക്കാരിന്റെ മാർഗ്ഗനിർദേശങ്ങളും മുൻകരുതലുകളും സ്വീകരിച്ചു സ്വയം ജാഗ്രത പാലിച്ചു നമുക്കേവർക്കും ഒരേ മനസ്സോടെ ഈ മഹാമാരിയെ നേരിടാം..കരുതലോടെ ഒരുമയോടെ മുന്നോട്ട് പോകാം.

” ഇതും മാഞ്ഞു പോം
വരൂ മുന്നേറിടാം..
വിരൽ കോർക്കാതെ
മനം ചേർക്കാമിനി.. “

ലോകനന്മയ്ക്കായി ഒരേ മനസ്സോടെ ഒരേ സ്വരത്തിൽ പറയാം, പ്രവൃത്തിക്കാം. ‘ലോകാ സമസ്താ സുഖിനോ ഭവന്തു ‘ അതിജീവിക്കും നമ്മൾ… !

photo: Vishnu Santhosh