സംശയത്തിന്റെ പേരിൽ യുപിയില്‍ ഭാര്യയുടെ തല വെട്ടി; അറ്റ തലയുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

single-img
9 October 2020

യുപിയിലെ ബന്ദ മേഖലയിൽ സംശയത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ തല വെട്ടിമാറ്റി. ഇതിന് ശേഷം ഭാര്യയുടെ അറ്റ തലയുമായി പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിലേക്കെത്തി കീഴടങ്ങുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രദേശത്തെ നേതാനഗറിലെ വീട്ടിൽ വച്ച് രാവിലെ 7.30 ഓടെ പ്രതിയായ ചിന്നാർ യാദവും ഭാര്യ വിമലയും ( 37 ) തമ്മിൽ വഴക്ക് ഉണ്ടായിരുന്നു.

ഇവര്‍ തമ്മിലുള്ള വഴക്ക് കൂടുകയും ദേഷ്യം സഹിക്കാതെ ഭര്‍ത്താവായ യാദവ് മൂർച്ചയേറിയ ആയുധം കൊണ്ട് ഭാര്യയുടെ കഴുത്ത് വെട്ടിമാറ്റുകയായിരുന്നു. ശേഷം ബബേറുവിലെ പോലീസ് സ്റ്റേഷനിലേക്ക് അറ്റ് പോയ ഭാര്യയുടെ തലയുമായി യാദവ് നടന്നു പോകുകയും ചെയ്തു.

ഇയാള്‍ തലയുമായി നടന്ന് പോകുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ധാരാളമായി പ്രചരിക്കുന്നുണ്ട്.പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.