പ്രോട്ടോകോൾ ലംഘനം: വ്യക്തമായ മറുപടിയില്ല; തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും വി മുരളീധരൻ

single-img
9 October 2020

തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിമാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വി മുരളീധരന്റെ പ്രോട്ടോകോൾ ലംഘനം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പ്രോട്ടോകോള്‍ എന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

ഏത് പ്രോട്ടോകോളിന്റെ ഏത് വകുപ്പിലാണ് ഇത്തരത്തിലൊരാള്‍ പങ്കെടുക്കരുത് എന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. അക്കാര്യം വിശദീകരിച്ചാല്‍ മറുപടി നല്‍കാമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ ഉണ്ടായ പടയൊരുക്കം അത് സിപിഎമ്മിന്റെ അഴിമതിക്കെതിരെയാണെന്നും വി മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്റെ ഒത്താശയോടെയാണ് പിആർ കമ്പനി മാനേജർ സ്മിതാ മേനോൻ, അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ ചട്ടം ലംഘിച്ച് പങ്കെടുത്തത് എന്നാണ് പരാതി. 2019 നവമ്പറിലാണ് മന്ത്രിതല സമ്മേളനം നടന്നത്. താനല്ല അനുവാദം നൽകിയതെന്നാണ് വി മുരളീധരൻ ആദ്യം മറുപടി നൽകിയത്. എന്നാൽ സ്മിതാ മേനോൻ, മുരളീധര​ന്റെ അനുമതിയോടെയാണ്​ താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന്​ വെളിപ്പെടുത്തി. ഇതോടെ വി മുരളീധരൻ നിലപാട് മാറ്റുകയായിരുന്നു. അതിനാൽ പരാതിയിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നാണ് വിലയിരുത്തൽ.

ഒരുതരത്തിലുള്ള അഴിമതിയും സ്വജന പക്ഷപാതവും രാജ്യത്തെവിടെയും നടക്കാന്‍ അനുവദിക്കില്ല എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. അതുകൊണ്ട് ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ കൊടുക്കാം, അതിന്മേല്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സുതാര്യമായിരിക്കും. എല്ലാ അന്വേഷണങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും വി മുരളീധരൻ പറഞ്ഞു.