രാജസ്ഥാനിൽ ക്ഷേത്രപൂജാരിയെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു

single-img
9 October 2020

ജയ്പ്പൂർ: രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ അക്രമിസംഘം ജീവനോടെ തീകൊളുത്തി കൊന്നു. ജയ്പ്പൂരിൽ നിന്നും 177 കിലോമീറ്റർ അകലെയുള്ള കരൌലി ജില്ലയിലാണ് സംഭവം.

ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പൂജാരി പൊലീസിനോട് മരണമൊഴി നൽകിയിട്ടുണ്ട്. 50 വയസുള്ള ബാബുലാൽ വൈഷ്ണവ് എന്ന പൂജാരിയെ 6 പേര്‍ ചേര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കരൌലിയിലെ ഒരു ഗ്രാമത്തിലുള്ള രാധാകൃഷ്ണ ക്ഷേത്രത്തിൽ പൂജാരിയായ ബാബുലാൽ വൈഷ്ണവിന് ക്ഷേത്ര ട്രസ്റ്റിന്‍റെ പേരിലുള്ള 5.2 ഏക്കര്‍ സ്ഥലം വരുമാനമാര്‍ഗമായി നല്‍കിയിരുന്നു. മന്ദിർ മാഫി എന്ന പേരിൽ ഇത്തരത്തിൽ ക്ഷേത്രത്തിന്റെ ഭൂമി പൂജാരിമാർക്ക് നൽകുന്ന സമ്പ്രദായം രാജസ്ഥാനിൽ നിലനിൽക്കുന്നുണ്ട്. ഈ സ്ഥലത്ത് ബാബുലാൽ വീട് പണിയുന്നതിനായി ജെസിബി കൊണ്ട് മണ്ണിടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.

Rajasthan Priest Burnt Alive
ബാബുലാൽ വൈഷ്ണവ് ആശുപത്രിയിൽ

ഈ സ്ഥലം പാരമ്പര്യ സ്വത്താണെന്നവകാശപ്പെട്ട് സ്ഥലത്തെ ഭൂരിപക്ഷ സമുദായമായ മീണ ജാതിയിൽപ്പെട്ട ഒരുകൂട്ടം ആളുകൾ രംഗത്തെത്തുകയായിരുന്നു. എന്നാൽ ഗ്രാമമുഖ്യന്മാർ ബാബുലാലിനനുകൂലമായ നിലപാടെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ അദ്ദേഹം ബാജ്റയുടെ വൈക്കോൽ അവിടെ അടുക്കി വെച്ചു. എന്നാൽ അക്രമകാരികൾ അവിടെയെത്തുകയും വൈക്കോൽ കൂനകൾക്ക് തീയിടുകയുമായിരുന്നു. കൂട്ടത്തിൽ അവർ തന്റെ ദേഹത്തും പെട്രോളൊഴിച്ച് തീകൊളുത്തിയതായി ബാബുലാൽ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ ബാബുലാലിനെ ജയ്പൂര്‍ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം ഇന്നലെ മരണത്തിന് കീഴടങ്ങി. കൊലപാതകവുമായി ബന്ധപ്പെട്ട് കൈലാഷ് മീണ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Content: Rajasthan Priest Burnt Alive; main accused arrested