ശബരിമല സമരത്തിൽ പങ്കെടുത്ത സ്മിതാ മേനോൻ നേതാവായി, സാധാരണക്കാരൻ ഇപ്പോഴും കേസ് പറയുന്നു: സംസ്ഥാന ബിജെപിയിൽ മുരളീധര വിഭാഗത്തിന് എതിരെ പടയൊരുക്കം

single-img
9 October 2020

2019-ൽ അബുദാബിയിൽനടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പി.ആർ. മാനേജരായ സ്മിതാ മേനോൻ പങ്കെടുത്തത് പ്രോട്ടോകോൾ ലംഘനമാണെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ സംസ്ഥാന ബിജെപിയിലും മുറുമുറുപ്പുകൾ ഉയരുന്നു. ബി.ജെ.പി.യിലും മഹിളാ മോർച്ചയിലും വിഷയം ചൂടേറിയ ചർച്ചയാവുന്നതയാണ് സൂചനകൾ. ആദ്യഘട്ടത്തിൽ മിണ്ടാതിരുന്ന കൃഷ്ണദാസ് പക്ഷം ഇപ്പോൾ വിഷയം ഏറ്റെടുത്തിട്ടുണ്ട്. മുരളീധരന്റെ മന്ത്രിസ്ഥാനംതന്നെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. 

ആരോപണം ഉയർന്ന വേളയിൽ ബി.ജെ.പി.ക്കുള്ളിൽ ആരും ആരോപണം മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാൽ, കേന്ദ്രത്തിൽ പരാതി എത്തിയതോടെ പാർട്ടിക്കുള്ളിലെ വിരുദ്ധചേരി ഉണരുകയായിരുന്നു. ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലിം മടവൂരാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്. എന്നാൽ ബി.ജെ.പി.യിലെ കൃഷ്ണദാസ് പക്ഷം ആദ്യം മന്ത്രിയെ ന്യായീകരിക്കുകയായിരുന്നു. 

മാധ്യമപ്രവർത്തക എന്നനിലയിലാണ് സ്മിത സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ് മന്ത്രി അന്നു വിശദീകരിച്ചത്. ഇതുതന്നെയാണ് കൃഷ്ണദാസ് പക്ഷത്തെ നേതാക്കളും പറഞ്ഞത്. എന്നാൽ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ കൃഷ്ണദാസ് പക്ഷം മുരീളധരന് എതിരെ തിരിയുകയായിരുന്നു. 

മുരളീധരവിഭാഗത്തോട് അടുത്തബന്ധമുള്ള മഹിളാ മോർച്ച പ്രവർത്തകരും സ്മിതയുടെ സ്ഥാനക്കയറ്റത്തെ വിമർശിച്ചു. ശബരിമല സമരങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിലാണ് സ്മിതയെ സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് നേരിട്ട് എടുത്തതെന്നായിരുന്നു നേതാക്കളുടെ വിശദീകരിച്ചത്. എന്നാൽ, സമരത്തിൽ പങ്കെടുത്ത് കേസുകളിൽപെട്ടവർക്കുപോലും ഒരു പരിഗണനയും കിട്ടാത്തപ്പോഴാണ് സ്മിതയ്ക്ക് മുൻഗണന ലഭിച്ചതെന്ന വിമർശനമാണ് ഇയരുന്നത്. 

കൂടുതൽ മഹിളാ പ്രവർത്തകരെക്കൊണ്ട് കേന്ദ്രനേതൃത്വത്തിന് പരാതികൊടുപ്പിക്കാനുള്ള നീക്കങ്ങളും വിരുദ്ധ ചേരിയിൽ നടക്കുന്നുണ്ട്. മുരളീധരവിഭാഗത്തിന്റെ വെട്ടിനിരത്തലിനിരയായ ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിലുള്ള, പാർട്ടിയിലെ മൂന്നാംഗ്രൂപ്പും വിഷയം ചർച്ചയാക്കുന്നുണ്ടെന്നള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.