നീലനിറമുള്ള എട്ട് കണ്ണുകളുമായി ശാസ്ത്രലോകത്തിലെ പുതിയ അതിഥി

single-img
9 October 2020

ഇതുവരെയും സ്വന്തമായി പേരില്ല, എന്നാല്‍ അതി സുന്ദരമാണ് നീലനിറമുള്ള എട്ട് കണ്ണുകളുള്ള ഈ ചിലന്തിയെ കാണാന്‍. ഏകദേശം പതിനെട്ട് മാസങ്ങൾക്ക് മുന്‍പായിരുന്നു ആസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ൽസ് സ്വദേശിയായ അമാൻഡ ഡി ജോര്‍ജ് എന്ന് പേരുള്ള പരിസ്ഥിതി സ്‌നേഹി ഈ പുതിയയിനം ചിലന്തിയെ ആദ്യമായികാണുന്നത്.

ആദ്യ കാഴ്ചയില്‍ തന്നെ അമാൻഡ ഇതിന്റെ ചിത്രങ്ങൾ പകർത്തിയെങ്കിലും പിന്നീട്, അവയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുകയുണ്ടായില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ ചിലന്തിയെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവർ പങ്കുവയ്ക്കണമെന്ന് അമാൻഡ ചിത്രത്തോടൊപ്പം എഴുതി പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ചിത്രങ്ങൾ കണ്ട് ചിലന്തികളെ കുറിച്ച് പഠനം നടത്തുന്ന ജോസഫ് ഷൂബെർട്ടാണ് ഇവയെ തിരഞ്ഞ് കണ്ടെത്താൻ അമാൻഡയോട് പിന്നീട് നിർദ്ദേശിച്ചത്.

കാരണം ശാസ്ത്രലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ചിലന്തിയാണ് ഇവയെന്ന് ഷൂബെർട്ടിന് അത്രമാത്രം ഉറപ്പുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ഷൂബെർട്ടിന്റെ നിർദ്ദേശമനുസരിച്ച് അമാൻഡ ചിലന്തിയെ തിരഞ്ഞിറങ്ങി. ആദ്യം വീടിന് പിന്നിലുള്ള സ്ഥലത്താണ് ആദ്യം ചിലന്തിയെ കണ്ടതെങ്കിലും പിന്നീട് കണ്ടെത്താൻ മാസങ്ങളോളം വേണ്ടി വന്നു.

തിരച്ചിലിന്റെ ഒടുവില്‍ രണ്ടാഴ്ച മുമ്പ് അമാൻ‌ വീണ്ടും നീലക്കണ്ണുകളുള്ള ഈ അപൂര്‍വചിലന്തിയെ കണ്ടെത്തി. മാത്രമല്ല, ചിലന്തിയെ പിടികൂടി ഒഴിഞ്ഞ കണ്ടെയ്‌നറിലാക്കി അടയ്ക്കുകയും ചെയ്തു. തികച്ചും യാദൃശ്ചികമായി ഇതിനിടെ ഇതേ തരത്തിലുള്ള രണ്ടാമതൊരു ചിലന്തിയെ കൂടി അമാൻഡയ്ക്ക് കിട്ടുകയും
ചെയ്തു. അതിനാല്‍ രണ്ട് പാത്രങ്ങളിലാക്കി അമാൻഡ ഇവയെ മെൽബണിനുള്ള ഷൂബെർട്ടിനയച്ചു.

ജംപിംഗ് സ്‌പൈഡർ എന്ന് അറിയപ്പെടുന്ന വിഭാഗത്തിൽപ്പെട്ട ഈ ചിലന്തികൾ പരസ്പരം ഭക്ഷിക്കുന്നവയാണ്‌. എന്തായാലും മ്യൂസിയംസ് വിക്ടോറിയയുടെ ലാബുകൾ വീണ്ടും തുറന്നു കഴിഞ്ഞാൽ ഇവയ്ക്ക് ഔദ്യോഗികമായി പേര് നൽകും.