‘സമൂഹത്തില്‍ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ല’; റിപ്പബ്ലിക് ചാനല്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബജാജ് എംഡി

single-img
9 October 2020

അര്‍ണബ് ഗോ സ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിലപാട് വ്യക്തമാക്കി പരസ്യ ദാതാക്കളും രംഗത്ത് . സമൂഹത്തില്‍ വിഷം പരത്തുന്ന ഈ മൂന്ന് ചാനലുകള്‍ക്കും പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍പ്പെടുത്തിയതായും ബജാജ് മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വ്യക്തമാക്കി. ടിആര്‍പി റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു ചാനല്‍ ചര്‍ച്ചയിലൂടെയായിരുന്നു രാജീവ് ബജാജിന്റെ പ്രഖ്യാപനം.

സമൂഹത്തിന് തിന്മ ചെയ്യുകയും സമൂഹത്തിലേക്ക് വിഷം പ്രസരിപ്പിക്കുകയും ചെയ്യുന്ന ഒന്നുമായും ബജാജ് ബന്ധപ്പെടില്ല എന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങള്‍ അത് വളരെ പ്രധാനപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. ഒരു ബ്രാന്‍ഡ് നിര്‍മ്മിച്ചുകൊണ്ടാണ് നമ്മള്‍ ബിസിനസ് ചെയ്യുന്നത്. സുദൃഢമായ ഒരു ബ്രാന്‍ഡ് നിര്‍മ്മിക്കുക എന്നത് തന്നെയാണ് ബിസിനസിന്റെ അടിസ്ഥാനം. ബിസിനസ് വളര്‍ത്തുക മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. അത് സമൂഹത്തിന് നല്ലത് ചെയ്യുകയും വേണം’- റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകളുടെ ടിആര്‍പി തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാജീവ് ബജാജ്.

അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്ന് ചോദ്യം ചെയ്യാന്‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. റിപബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകള്‍ക്കെതിരെയാണ് ആരോപണം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയതായും പൊലീസ് അറിയിച്ചു. ഒരാളുടെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറില്‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. റേറ്റിംഗില്‍ കൃത്രിമത്വം നടത്തി പരസ്യ വരുമാനം നേടിയതും അന്വേഷിക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും. കുറ്റകൃത്യം നടന്നുവെന്ന് വ്യക്തമായാല്‍ ചാനലിന്റെ ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടാകുമെന്ന് മുംബൈ പോലീസ് മേധാവി പരമവീര്‍ സിംഗ് വ്യക്തമാക്കി.

ടെലിവിഷന്‍ റേറ്റിങിനായി ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍) തെരഞ്ഞെടുത്ത വീടുകളില്‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാര്‍കോ മീറ്ററുകളില്‍ ചാനലുകള്‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകള്‍ മാത്രം എല്ലായ്‍പ്പോഴും വീട്ടില്‍ വെക്കാന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകള്‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകള്‍ വെക്കാന്‍ ആവശ്യപ്പെട്ടു. ഇവര്‍ക്ക് 400 മുതല്‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.