ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ഉണ്ടായിരുന്നു; ചൈനയില്‍ ആദ്യം സ്ഥിരീകരിച്ചെന്നേ ഉള്ളൂ; വാദവുമായി ചൈന

single-img
9 October 2020

ഇനിയും പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ ഇപ്പോഴും കൊവിഡ് മഹാമാരി ലോകമാകെ വ്യാപിച്ചിരിക്കെ തങ്ങള്‍ക്കെതിരെയുള്ള അമേരിക്കയുടെ ആരോപണങ്ങളെ തള്ളി ചൈന രംഗത്തെത്തി . കൊവിഡ് എന്ന വൈറസ് വ്യാപന രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തെ തന്നെ വ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ചൈനയില്‍ ഇത് ആദ്യം സ്ഥിരീകരിച്ചെന്നേ ഉള്ളൂ എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നു.

‘ പുതിയരീതിയിലുള്ള ഒരു തരം വൈറസ് ആണ് ഇപ്പോഴുള്ള കൊറോണ വൈറസ്. ഓരോ ദിവസവും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനനുസരിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചുകൊണ്ടിരിക്കുകയാണ്. 2019 അവസാനം ലോകത്തിലെ വിവിധ ഭാഗങ്ങളിലായി ഈ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതായി നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഇവിടെ ചൈനയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്,’ – ചൈനയുടെ വിദേശകാര്യ മന്ത്രാലയ പ്രതിനിധി ഹുവ ചുയിംഗ് മാധ്യമളെ അറിയിച്ചു.

കൊവിഡിനെ സംബന്ധിച്ച ശരിയായ വിവരങ്ങള്‍ ചൈന മറച്ചു വെച്ചുവെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ആരോപണത്തിനുള്ള മറുപടിയായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ രീതിയിലുള്ള പ്രതികരണം.