മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് ക്ലീന്‍ ചിറ്റ്; എതിർപ്പുമായി ജലീലിന്റെ കുടുംബം

single-img
9 October 2020

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സിപി ജലീലിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് ക്ലീന്‍ ചിറ്റ് നല്‍കി ജില്ലാ മജിസ്ട്രറ്റ്. പോലീസ് ഗൂഢാലോചന ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 250 പേജുള്ള റിപ്പോർട്ട് ജില്ലാ സെഷൻസ് കോടതിയിൽ ആണ് സമർപ്പിച്ചത്.

ഫൊറെന്‍സിക്, ബാലിസ്റ്റിക് റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായാണ് മാജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടെന്ന് ആരോപിച്ച് ജലീലിന്റെ ബന്ധുക്കള്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പിടികൂടുന്നതിന് പകരം പൊലീസ് ജലീലിനെ വെടിവെച്ച് കൊന്നത് ബോധപൂർവ്വമാണെന്ന് അന്നേ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും ആരോപിച്ചിരുന്നു.

2019 മാർച്ച് 6നാണ് വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വെച്ച് ജലീൽ കൊല്ലപ്പെട്ടത്. പണപ്പിരിവിന് തോക്കുമായെത്തിയ ജലീൽ വെടിവെച്ചപ്പോൾ തിരികെ വെടിവെച്ചു എന്നതായിരുന്നു പോലീസ് ഭാഷ്യം.

സി.പി ജലീലില്‍ നിന്ന് കണ്ടെടുത്ത തോക്കില്‍ നിന്ന് വെടി ഉയര്‍ത്തിയിട്ടില്ലെന്നായിരുന്നു അടുത്തിടെ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിൽ വ്യക്തമായത്. ജലീലിന്റെ വലതു കൈയില്‍ നിന്നും വെടിമരുന്നിന്റെ അംശവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ വെടിയുണ്ടകളെല്ലാം പോലീസ് റിവോൾവറിലാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.