കോവിഡ്: സാമ്പത്തിക സ്ഥിതി മോശം; ബുർജ് ഖലീഫ നിർമിച്ച നിർമാണ കമ്പനി പൂട്ടുന്നു

single-img
9 October 2020

ബുർജ് ഖലീഫ നിർമിച്ച നിർമാണ കമ്പനി അറബ്ടെക് പൂട്ടുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ദുബായിലെ ബുർജ് ഖലീഫ. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് യുഎഇയിലെ ഏറ്റവും വലിയ നിർമാണ കമ്പനി അടച്ചു പൂട്ടുന്നത്. കോവിഡ് മൂലം സാമ്പത്തിക സ്ഥിതി മോശമായതിനാൽ, ലിക്വിഡേഷനിലേക്ക് പോവുകയാണെന്ന് അറബ്ടെക് ഔദ്യോഗികമായി അറിയിച്ചു.

നിർമാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക പ്രയാസങ്ങളും കോവിഡ് 19ഉം അറബ്ടെക്കിന്റെ മുന്നോട്ടുപോക്കിനെ ബാധിച്ചുവെന്ന് ചെയർമാൻ വാലീദ് അൽ മൊകറാബ്ബ് അൽ മുഹൈരിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. “നിയമപരവും വാണിജ്യപരവുമായ അവകാശങ്ങൾ നേടാനും കമ്പനിയുടെ ഫിനാൻസും പ്രവർത്തനങ്ങളും പുനസംഘടിപ്പിനുമുള്ള ശ്രമങ്ങൾ നടത്തിയിട്ടും തുടരാവുന്ന സ്ഥിതിയിലല്ല അറബ്ടെക് എന്ന് അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച ചേർന്ന യോഗമാണ് കമ്പനി പിരിച്ചുവിടുന്നതിന് അനുമതി നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിർമ്മിച്ച കമ്പനിയുടെ ഓഹരി വ്യാപാരം ഒക്ടോബർ ഒന്നിന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റ് നിർത്തിവെച്ചിരുന്നു.