നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി ബംഗാളില്‍ ഗുണ്ടകളെയും ആയുധങ്ങളും ഇറക്കിത്തുടങ്ങി: മഹുവ മൊയ്ത്ര

single-img
9 October 2020

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ ബിജെപി സംഘടിപ്പിച്ച റാലി സംഘർഷത്തില്‍ അവസാനിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്തെത്തി. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബിജെപി സംസ്ഥാനത്ത് ഗുണ്ടകളെയും ആയുധങ്ങളും ഇറക്കിത്തുടങ്ങിയെന്ന് മഹുവ മൊയ്ത്ര ആരോപിച്ചു.

അടുത്ത വര്‍ഷം മാര്‍ച്ച് വരെ ബിജെപി ഈ രീതിയില്‍ ആക്രമണം തുടരുമെന്നും അവര്‍ പറഞ്ഞു.
അതേപോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എവിടെയെങ്കിലും പുതിയതായി ഏറ്റുമുട്ടല്‍ നടന്നതായി അമിത് ഷാ പ്രഖ്യാപിക്കുമെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. ബംഗാളില്‍ വെടിമരുന്നും ആയുധങ്ങളും കരുതിക്കൊണ്ടാണ് ബിജെപി ‘ സമാധാന’ റാലി നടത്തിയതെന്ന് നേരത്തെ തൃണമൂല്‍ എംപി കക്കോലി ജി ദാസ്തിദാര്‍ പറഞ്ഞിരുന്നു.

നിയമം ലംഘിച്ചുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പിന്നാലെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. അനുമതി പ്രകാരം 100 പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന പരിപാടിയില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.