ശ്രീറാം വെങ്കിട്ടരാമൻ ഇനി വ്യാജ വാർത്തകൾ തിരിച്ചറിയും, പിടികൂടും

single-img
8 October 2020

പിആർഡിയുടെ വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും ഉൾപ്പെട്ടു. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായ അദ്ദേഹത്തെ വകുപ്പിന്റെ പ്രതിനിധിയായാണ് പിആർഡിയുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നാമനിർദേശം ചെയ്തത്.

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സി.എഫ്.എൽ.ടി.സി.കളുടെ ചുമതലയും നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കോവിഡ് നിയന്ത്രണ കാലയളവിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ ജൂണോടെ പി.ആർ.ഡി.യിൽ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിച്ചത്. പി.ആർ.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പോലീസ്, ഐ.ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. രണ്ട് മാധ്യമ എഡിറ്റർമാരെയും സർക്കാർ നാമനിർദേശം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

സൈബർ സെക്യൂരിറ്റി വിദഗ്‌ധൻ, ഫാക്ട് ചെക്കിങ് വിദഗ്‌ധൻ, സൈബർ ഡോം, ഫൊറൻസിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, സി-ഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽനിന്ന് തടിയൂരാൻ ശ്രമിച്ച അദ്ദേഹത്തിനെതിരേ മാധ്യമങ്ങൾ രംഗത്തുവന്നിരുന്നു. മാധ്യമ ഇടപെടലിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായതും. ഈ കേസിൽ മൂന്നുതവണ കോടതി നോട്ടീസ് നൽകിയിട്ടും അദ്ദേഹം ഹാജരായിട്ടില്ല.