ടി ആർ പി റേറ്റിംഗിന് പണം നൽകുന്ന റാക്കറ്റ്; റിപ്പബ്ലിക് ടിവിയടക്കം മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു

single-img
8 October 2020

ടെലിവിഷൻ ചാനലുകളെ റാങ്ക് ചെയ്യുന്ന ടി ആർ പിയിൽ (Television Rating Point or TRP) കൃത്രിമത്വം കാട്ടിയതിന് റിപ്പബ്ലിക് ടിവി(Republic TV)യടക്കം മൂന്ന് ചാനലുകൾക്കെതിരെ മുംബൈ പൊലീസ് (Mumbai Police) കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്.

ചാനലുകൾക്ക് കൃത്രിമമായി റേറ്റിംഗ് ഉണ്ടാക്കിക്കൊടുക്കുന്ന റാക്കറ്റിനെയാണ് തങ്ങൾ കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അർണബ് ഗോസ്വാമി (Arnab Goswami) നയിക്കുന്ന വാർത്താ ചാനലായ റിപ്പബ്ലിക് ടിവി, മറാഠി ചാനലുകളായ ഫക്ത് മറാഠി, ബോക്സ് സിനിമ എന്നീ ചാനലുകൾ റേറ്റിംഗ് കൂട്ടുന്നതിനായി പ്രേക്ഷകർക്ക് പണം നൽകിയിരുന്നു. ഇതിൽ മറാഠി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തുവെന്നും റിപ്പബ്ലിക് ടിവിയുമായി ബന്ധപ്പെട്ടവരെ ഉടൻ ചോദ്യം ചെയ്യുമെന്നും പരംബീർ സിങ് വ്യക്തമാക്കി.

ഈ ചാനലുകൾ ട്യൂൺ ചെയ്ത് ടിവി ഓൺ ആക്കി വെയ്ക്കുന്നതിനാണ് പണം നൽകിയിരുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. ഇത്തരത്തിൽ കൃത്രിമത്വം കാണിക്കാൻ കൂട്ടുനിന്നതായി ചില റിപ്പബ്ലിക് ടിവി ജീവനക്കാർ തങ്ങളോട് സമ്മതിച്ചെന്നും പരംബീർ സിങ് ( Mumbai Police Commissioner Param Bir Singh) അറിയിച്ചു.

ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൌൺസിൽ(Broadcast Audience Research Council-BARC) എന്ന ഏജൻസിയാണ് ഇന്ത്യയിൽ ടെലിവിഷൻ ചാനലുകളെ റേറ്റ് ചെയ്യുന്നത്. പീപ്പിൾ മീറ്റർ എന്നറിയപ്പെടുന്ന ഒരു ഉപകരണം തെരെഞ്ഞെടുത്ത വീടുകളിലെ സെറ്റ് ടോപ്പ് ബോക്സുമായി ഘടിപ്പിക്കുകയും ഇവർ ഏത് ചാനൽ ആണ് കാണുന്നതെന്ന വിവരം ശേഖരിക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ ഏതാണ്ട് മുപ്പതിനായിരത്തോളം വീടുകളിൽ ഈ ഉപകരണം ഘടിപ്പിച്ചിട്ടുണ്ട്. ഈ ആളുകളെ സാമ്പിൾ ആയി എടുത്താണ് റേറ്റിംഗ് നടത്തുന്നത്. ഈ സാമ്പിളിൽ ഉള്ളവരുടെ ജോലി, സാമൂഹിക പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത എന്നീ വിവരങ്ങളും ഏജൻസിയുടെ പക്കൽ ഉണ്ടായിരിക്കും.

എന്നാൽ വിദ്യാഭ്യാസമില്ല (uneducated) എന്ന വിഭാഗത്തിൽ വരുന്നവരും ഇംഗ്ലീഷ് ചാനലായ റിപ്പബ്ലിക് ടിവി കാണുന്നവരുടെ പട്ടികയിലുണ്ടെന്ന് പൊലീസ് പറയുന്നു. സാധാരണക്കാരായ ഇത്തരം പ്രേക്ഷകർക്ക് 300 രൂപ മുതൽ 500 രൂപവരെയാണ് ഇതിനായി മാസം നൽകിയിരുന്നത്. നേരത്തെ റേറ്റിങ് മീറ്ററുകൾ സ്ഥാപിച്ചിരുന്ന ഏജൻസിയായ ഹൻസ എന്ന കമ്പനിയുടെ ജീവനക്കാരാണ് ഈ മീറ്റർ വെച്ചിരിക്കുന്ന വീടുകളുടെ ഉടമസ്ഥരുടെ വിവരങ്ങൾ ചാനലുകൾക്ക് കൈമാറിയതെന്നും പൊലീസ് പറയുന്നു.

ടി ആർ പി അടിസ്ഥാനമാക്കിയാണ് ചാനലുകൾക്ക് കിട്ടുന്ന പരസ്യത്തിന്റെ നിരക്ക് തീരുമാനിക്കപ്പെടുന്നത്. നിലവിൽ ഇംഗ്ലീഷ് വാർത്താ ചാനലുകളിൽ റിപ്പബ്ലിക് ടിവിയും ഹിന്ദി വാർത്താ ചാനലുകളിൽ റിപ്പബ്ലിക് ടിവി ഭാരതുമാണ് ടിആർപിയിൽ മുൻപന്തിയിലുള്ളത്.

അന്വേഷണത്തിന്റെ ഭാഗമായി ചാനലുകളുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധിക്കുമെന്നും അർണബ് ഗോസ്വാമിയടക്കം ഏത് ഉന്നതനെയും ചോദ്യം ചെയ്യുമെന്നും പരംബീർ സിങ് അറിയിച്ചു.

അതേസമയം ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നും സുശാന്ത് സിങ് രാജ്പുത്ത് കേസുമായി ബന്ധപ്പെട്ട് താനും തന്റെ ചാനലും മുംബൈ പൊലീസിനെയും കമ്മീഷണറെയും വിമർശിച്ചതിന്റെ വൈരാഗ്യം തീർക്കുകയാണ് അവരെന്നും അർണബ് ഗോസ്വാമി ആരോപിച്ചു. മുംബൈ പൊലീസിനെതിരായി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

Content : Republic TV and 2 other channels in dock for TRP fraud: Mumbai Police