വി മുരളീധരന്റെ പ്രോട്ടോകോൾ ലംഘനം: പ്രധാനമന്ത്രി വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി

single-img
8 October 2020

മാധ്യമപ്രവർത്തകയായി വിദേശമന്ത്രിതല സമ്മേളനത്തിൽ യുവതിയെ പങ്കെടുപ്പിച്ച കേന്ദ്രമന്ത്രി വി മുരളീധര​ൻെറ നടപടി സംബന്ധിച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ വകുപ്പിൽ നിന്നും റിപ്പോർട്ട് തേടി. വി മുരളീധരന്റെ ഒത്താശയോടെയാണ് ചട്ടം ലംഘിച്ച് പിആർ കമ്പനി മാനേജർ സ്മിതാ മേനോൻ, അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തത് എന്നാണ് പരാതി. വിദേശകാര്യ വകുപ്പ് ജോയൻറ് സെക്രട്ടറി (PSP &CPO) പാസ്പോർട്ട് സേവാ പ്രോഗ്രാം & ചീഫ് പാസ്പോർട്ട് ഓഫീസർ അരുൺ കെ ചാറ്റർജിയിൽ നിന്നുമാണ് റിപ്പോർട്ട് തേടിയത്.

ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ നൽകിയ പരാതിയിലാണ് നടപടി. താനല്ല അനുവാദം നൽകിയതെന്നാണ് വി മുരളീധരൻ ആദ്യം മറുപടി നൽകിയത്. എന്നാൽ സ്മിതാ മേനോൻ്റെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ വന്നതോടെ നിലപാട് മാറ്റുകയായിരുന്നു.

മുരളീധര​ൻെറ അനുമതിയോടെയാണ്​ സമ്മേളനത്തിൽ പങ്കെടുത്തതെന്നാണ്​ സ്​മിത മേനോൻ വിശദീകരിച്ചത്​. സംഭവം വിവാദമായതോടെ, തനിക്കെങ്ങനെ അനുമതി കൊടുക്കാനാവും എന്ന ചോദ്യമായിരുന്നു മു​രളീധരൻ ചോദിച്ചത്​. യുവതിയുടെ വിശദീകരണം മാധ്യമ​പ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെയാണ് കേന്ദ്രമന്ത്രി മലക്കം മറിഞ്ഞത്. ഗുരുതരമായ ചട്ടലംഘനം ഈ വിഷയത്തിൽ ഉണ്ടായതായി പരാതിയിൽ​ ചൂണ്ടിക്കാണിക്കുന്നു​.

മന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ പെടാത്തയാൾ ഒരു അന്താരാഷ്​ട്ര മന്ത്രിതല സമ്മേളനത്തിൽ സംബന്ധിക്കുക, വിദേശമന്ത്രിമാരോടൊപ്പം യോഗത്തിൽ മുൻനിരയിലിരിക്കുക, മന്ത്രിമാരുൾപ്പെടെയുള്ള സംഘത്തോടൊപ്പം ഔദ്യോഗിക ഫോട്ടോ സെഷനിൽ വരെ പങ്കെടുക്കുക തുടങ്ങിയവയെല്ലാം അസാധാരണമായ നടപടികളായാണ്​ വിലയിരുത്തപ്പെടുന്നത്​. അംഗീകൃത മാധ്യമപ്രവർത്തകയല്ലാത്ത ഒരാൾക്ക്​ എങ്ങനെ പ്രവേശനം സാധ്യമായി എന്നതും സംശയകരമാണ്​.

തനിക്കെതിരെ പ്രധാനമന്ത്രിക്ക് നൽകിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന മുരളീധരന്റെ പ്രസ്താവന ബിജെപി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.