വി മുരളീധരനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾക്കു പിന്നിൽ സി പി എം നേതാക്കൾ: കെ സുരേന്ദ്രൻ

single-img
8 October 2020

കേന്ദ്രമന്ത്രി വി മുരളീധരനെതിരെ അപകീർത്തികരമായ വാർത്തകൾ പുറത്തുവരുന്നതിന് പിന്നിൽ സി പി എം നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹത്തിനെതിരെ അത്തരത്തിലുളള വാർത്തകൾ പ്രചരിപ്പിച്ച് സ്വർണക്കടത്തിന്റെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമമെങ്കിൽ അതിന് വച്ച വെളളം അങ്ങ് വാങ്ങിവച്ചാൽ മതിയെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന അഴിമതികളുടെയെല്ലാം സൂത്രധാരൻ മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സ്വപ്ന സുരേഷിന്റെ നിയമനമടക്കം എല്ലാം മുഖ്യമന്ത്രിക്കറിയാമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. കുറ്റപത്രം നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും ഇതിനെപ്പറ്റി മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

‘കുറ്റം അംഗീകരിക്കുന്നുവെങ്കിൽ അത് സമ്മതിക്കണം. സംസ്ഥാനത്തെ വികസനത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്. എന്നാൽ ഇത് പച്ചക്കള്ളമാണ്. കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ച പദ്ധതികൾ പോലും സംസ്ഥാനസർക്കാരിന്റേതാക്കി തീർത്ത് ഉദ്ഘാടനം ചെയ്യുന്നതാണ് ഇപ്പോൾ നടക്കുന്നത്- കെ സുരേന്ദ്രൻ പറഞ്ഞു.