ചൈനീസ് സൈന്യത്തിൽ നിർബന്ധിത സൈനിക സേവനം കാരണം വീർപ്പുമുട്ടുന്നവർ, ഇന്ത്യയെ തോല്പിക്കാമെന്ന അമിത പ്രതീക്ഷ ചൈനക്ക് വേണ്ട: രാജീവ് ശ്രീനിവാസൻ

single-img
7 October 2020

നിർബന്ധിത സൈനിക സേവനം കാരണം വീർപ്പുമുട്ടി കഴിയുന്നവരാണ് ചൈനീസ് സൈന്യത്തിൽ ഏറെയും എന്നും അതിനാൽ ചൈനക്ക് ഇന്ത്യയെ തോല്പിക്കാമെന്ന അമിത പ്രതീക്ഷ വേണ്ട എന്നും നയതന്ത്ര വിദഗ്ദ്ധനായ പ്രൊഫ. രാജീവ് ശ്രീനിവാസന്‍. കേരള കൗമുദിയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം നിരീക്ഷിച്ചത്.

കടലാസ് പുലികളായ സേനകൾ യുദ്ധം ജയിക്കുന്നില്ല എന്നത് ഒരു സത്യമാണ്. വിയറ്റ്നാം യു.എസിനെ പരാജയപ്പെടുത്തി. കൊറിയയിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ജയിച്ചില്ല, ഈ ഉദാഹരണങ്ങൾ തന്നെ ധാരാളം.’ഒരു കുട്ടി നയം ‘ കാരണം, ചീന പട്ടാളത്തിലെ ‘ചെറിയ രാജകുമാരൻ’ രണ്ട് മാതാപിതാക്കളുടെയും നാല് മുത്തശ്ശൻ മുത്തശ്ശിമാരുടെ കണ്ണിലുണ്ണി, പോരാടാൻ ആഗ്രഹിക്കുമോ എന്നറിയില്ല. (നിർബന്ധിത സൈനിക സേവനം കാരണം വീർപ്പുമുട്ടി കഴിയുന്നവരാണ് ചൈനീസ് സൈന്യത്തിൽ ഏറെയും) മാത്രമല്ല, യുദ്ധം വന്നാൽ ചൈനീസ് സൈനിക മരണങ്ങൾ വലുതാകുകയും ഇന്ത്യൻ പാശ്ചാത്യ മാദ്ധ്യമങ്ങൾ അത് ആഘോഷിക്കുകയും ചെയ്യും. തത്ഫലമായി ‘മുഖം നഷ്ടപ്പെടുന്ന ‘ ഷീജിൻ പിങിന്റെ സ്ഥാനത്തെ പോലും അത് അപകടത്തിലാക്കാം. പ്രത്യേകിച്ച് ടിബറ്റ്, സിൻജിയാങ്, ഇന്നർ മംഗോളിയ എന്നിവിടങ്ങളിൽ അവരുടെ ഭരണം വെല്ലുവിളിക്കപ്പെടാം, പ്രൊഫ. രാജീവ് ശ്രീനിവാസന്‍ വ്യക്തമാക്കി.

ചൈനയുമായുള്ള വ്യാപാര ബന്ധം മുറിഞ്ഞാലും ഇന്ത്യയ്ക്ക് ഒന്നും നഷ്ടപ്പെടാനില്ല. മരുന്നിന്റെ എ.പി.ഐകൾ, ഇലക്ട്രോണിക്സ് മുതലായവയിലെ സപ്ലൈ ചെയിൻ ഉപയോഗിച്ച് ഇന്ത്യയെ തളർത്താൻ കഴിയില്ലെന്ന് നാം തെളിയിക്കുന്നു. ഇന്ത്യയുടെ ചൈനയുമായുള്ള വ്യാപാരക്കമ്മിയും ഗണ്യമായി ചുരുങ്ങി. പന്നിപ്പനി, മഹാപ്രളയങ്ങൾ എന്നിവയ്ക്ക് ശേഷം ചൈനയുടെ ഭക്ഷ്യസുരക്ഷ അപകടത്തിലായിട്ടുണ്ട്.

എന്നാൽ ഇന്ത്യ ചൈനയിലേക്ക് വമ്പൻ ഭക്ഷ്യ കയറ്റുമതി നടത്തുന്ന രാജ്യമാണ്. അതിനാൽ ഇന്ത്യയെ പിണക്കുന്നത് ചൈനയ്ക്ക് തീരെ ഗുണകരമാവില്ല.സമീപഭാവിയിൽ വളരാൻ സാദ്ധ്യതയുള്ള ഇന്ത്യയെ, ചൈനീസ് കമ്പനികൾക്ക് നഷ്ടമായാൽ അവർക്ക് വലിയ പ്രഹരമായിരിക്കും. ഹുവായ്, ചില നിർമ്മാണ കമ്പനികൾ മുതലായവ ഇപ്പോഴേ പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

യുദ്ധം വന്നാൽ കമ്പനികൾ പൂർണമായും ഒഴിവാക്കപ്പെടും. അങ്ങനെ യുദ്ധത്തിന്റെ കുഴപ്പത്തിലേക്കും ചെലവിലേക്കും അനിശ്ചിതത്വങ്ങളിലേക്കും പോകുന്നത് എന്തിനാണ് ? അതിനാൽ ലഡാക്കിലും ടിബറ്റിലും യുദ്ധം നടത്തിയാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും അപായസാദ്ധ്യതകളും നേട്ടങ്ങളുമുണ്ട്. എങ്കിലും ഇന്ത്യയും ചൈനയും യുദ്ധത്തിന് ഒരുമ്പെടുമോ എന്ന് പ്രവചിക്കാൻ പ്രയാസമാണ്.- പ്രൊഫ. രാജീവ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ഏതെങ്കിലും സാഹചര്യത്തിൽ യുദ്ധമുണ്ടായാൽ ഒരുലക്ഷം സൈനികരെ അണിനിരത്താനും അവരെ പരിചരിക്കാനും ഭക്ഷണം നൽകാനും കഴിവുള്ള രാജ്യമാണ് ഇന്ത്യ. ( അതേസമയം ദൂരക്കൂടുതൽ കാരണം, ചൈനയ്ക്ക് ഭക്ഷണവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റവും ക്‌ളേശകരമായിരിക്കും.). മാത്രമല്ല യുദ്ധമുണ്ടായാൽ ടിബറ്റൻ പ്രത്യേക സേനയെ ഇറക്കാനും ഇന്ത്യയ്ക്ക് ശേഷിയുണ്ട്.- രാജീവ് ശ്രീനിവാസന്‍ വ്യക്തമാക്കി.