ഹാഥ്രസിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകന് രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ്

single-img
7 October 2020

ഹാഥ്രസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ റിപ്പോർട്ട് തയ്യാറാക്കാൻ ഉത്തർപ്രദേശിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ ​ഗ്രാമത്തിലെത്തി വീട്ടുകാരെ കണ്ട് വാര്‍ത്താ ശേഖരണത്തിന് ഹാഥ്‌റസ് സന്ദര്‍ശിച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെയാണ് യുപി പൊലീസ് ദേശദ്രോഹ വകുപ്പുകൾ ചുമത്തിയത്. മതവിദ്വേഷം വളർത്തുന്ന നടപടികളാണ് സിദ്ദിഖ് കാപ്പനിൽ നിന്ന് ഉണ്ടായതെന്നാണ് യുപി പൊലീസിന്റെ ആരോപണം.

ഹാഥ്രസിൽ പോകുംവഴി സിദ്ദിഖ് അടക്കം നാലുപേരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ലുജെ) സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഇന്ന് ഫയൽ ചെയ്തിരുന്നു. കെയുഡബ്ലുജെ ഡൽഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പൻ നിലവിൽ അഴിമുഖം വെബ്സൈറ്റിന്റെ പ്രതിനിധിയാണ്. സിദ്ദിഖ്നൊപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേ തേജസ്, തത്സമയം ദിനപത്രങ്ങളിൽ ജോലി ചെയ്തിരുന്ന സിദ്ദിഖ് ഇപ്പോള്‍ ‘അഴിമുഖം’ എന്ന വെബ്‌സൈറ്റിലെ മാധ്യമ പ്രവർത്തകനാണ്.

നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ആദ്യം സിദ്ദിഖിനെതിരെ പൊലീസ് ചുമത്തിയിരുന്നത്. അറസ്റ്റിലായ വിവരം അറിഞ്ഞശേഷം സിദ്ദിഖിനെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കെയുഡബ്ലുജെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ജോലി ചെയ്യാനായി എത്തിയ മാധ്യമപ്രവർത്തകനെ റിപ്പോർട്ടിങ്ങിനിടെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും ഉടൻ വിട്ടയക്കാനുളള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടും കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു.