85 ദിവസം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ലേ? ഭീകരബന്ധത്തിന് തെളിവെവിടെ?: എൻഐഎയോട് കോടതി

single-img
7 October 2020

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ എവിടെയെന്ന് എൻഐഎയോട് കോടതി. സ്വര്‍ണക്കടത്ത് കേസില്‍ എങ്ങനെ യു.എ.പി.എ ചുമത്താനാകും എന്നും കോടതി ചോദിച്ചു. കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് വീണ്ടും കോടതി ചോദിച്ചു. 85 ദിവസം അന്വേഷിച്ചിട്ടും തെളിവ് ശേഖരിച്ചു കഴിഞ്ഞില്ലേയെന്നും കോടതി ആരാഞ്ഞു. 

സ്വര്‍ണക്കടത്തിലൂടെ ഭീകരപ്രവര്‍ത്തനത്തിന് പണം എത്തിച്ചതായി വിവരം ലഭിച്ചെന്നാണ് എൻഐഎയുടെ വാദം. പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും പ്രതിചേര്‍ക്കുന്നതിന് തൊട്ടുമുന്‍പ് രണ്ട് പ്രതികള്‍ യു.എ.ഇയിലേക്ക് കടന്നുവെന്നും എൻഐഎ കോടതിയിൽ വാദിച്ചു. എന്നാൽ, ഭീകരബന്ധത്തിന് എന്‍.ഐ.എ. ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.

അതേസമയം കള്ളക്കടത്ത് കേസുകളിലെല്ലാം യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ചോദിച്ചു. ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എന്‍.ഐ.എ. വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സാമ്പത്തിക ലാഭത്തിന് വേണ്ടിയല്ല സ്വര്‍ണക്കടത്ത് എന്ന് സംശയിക്കാന്‍ കാരണമെന്താണ്. ഓരോ തവണയും പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടുമ്പോള്‍ അപ്രകാരം ചെയ്യേണ്ടതുണ്ടോയെന്ന് കോടതികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. ഇത് കോടതിക്ക് കാണാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

എഫ്.ഐ.ആറിൽ ആരോപിച്ച കുറ്റങ്ങൾക്ക് വ്യക്തമായ തെളിവ് ഹാജരാക്കാത്ത പക്ഷം പ്രതികളുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാടെടുക്കേണ്ടി വരുമെന്നും കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രതികളായ മുഹമ്മദ് ഷാഫി, പി.ടി. അബ്ദു, മുഹമ്മദ് അൻവർ, ഹംജദ് അലി, ജിഫ്സൽ, മുഹമ്മദ് അബ്ദു ഷമീം എന്നിവരുടെ ജാമ്യ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി ഇപ്രകാരം പറഞ്ഞത്.

Content : Bring evidence for terror links to charge UAPA in Kerala gold smuggling case: Court to NIA