തിരുവനന്തപുരം അമ്പൂരിയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

single-img
7 October 2020

അമ്പൂരി നെയ്യാര്‍ ഡാമിനടുത്ത് കൊമ്പൈയില്‍ ഏഴാംക്ലാസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. അമ്പൂരി സെന്റ് തോമസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഷിജു കാണി (14) ആണ് മരിച്ചത്. സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു.

ഉച്ചയോടെയാണ് ഷിജുവും മൂന്ന് സുഹൃത്തുക്കളും പച്ചമരുന്നും വിറകും ശേഖരിക്കാന്‍ വനത്തിലേക്ക് പോയത്. ഈ സമയത്താണ് ആനയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടോടുന്നതിനിടെ ഷിജുവിന്റെ സുഹൃത്തുക്കളായ പേരക്കല്‍ സെറ്റില്‍മെന്റിലെ ശ്രീജിത്ത്, അലന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കാട്ടാനയുടെ ആക്രമണ ഭീതി നിലനില്‍ക്കുന്ന പ്രദേശമാണ് സെറ്റില്‍മെന്റ് കോളനി. വിഷയത്തെ കുറിച്ച് ആദിവാസികള്‍ പലതവണ പരാതിപ്പെട്ടിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല.