അക്രമം ഒഴിവാക്കാൻ: ഹാഥ്‌രസില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതിനു കാരണം സുപ്രീംകോടതിയിൽ പറഞ്ഞ് യുപി സർക്കാർ

single-img
6 October 2020

ഹാഥ്‌രസില്‍ അക്രമത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചത് ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണെന്നു ഉത്ർപ്രദേശ് സർക്കാർ വാദം. സുപ്രീം കോടതിയിലാണ് ഉത്തർപ്രദേശ് സർക്കാർ ഇങ്ങനെ പറഞ്ഞത്. വന്‍തോതില്‍ അക്രമം ഉണ്ടാവാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ പറഞ്ഞു. 

സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ബാബറി മസ്ജിദ് പൊളിച്ച കേസില്‍ തലേ ദിവസം വിധി വന്നതിനാല്‍ ജില്ല അതീവ ജാഗ്രതയില്‍ ആയിരുന്നെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതിനു പിന്നാലെ വന്‍തോതില്‍ അക്രമത്തിനു സാധ്യതയുള്ളതായി ജില്ലാ ഭരണകൂടത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചു. 

ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നില്‍ നടന്ന ധര്‍ണ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഹാഥ്‌രസ് പെണ്‍കുട്ടി മരിച്ച സംഭവം ജീതി, സമുദായ സംഘര്‍ഷത്തിന് ഉപയോഗിക്കപ്പെടാനിടയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയത്. 

ഹാഥ്‌രസ് സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും സത്യവങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.