സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ഫോറൻസിക്

single-img
6 October 2020

സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.  തീപ്പിടിത്തം നടന്ന മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നതിന് തെളിവുകളില്ലെന്നും ഫമാറൻസിക് പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്‌.

തീപ്പിടിത്തം നടന്ന മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ കത്തിയിട്ടുണ്ട്. എന്നാല്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറിന് തീപിടിച്ചിട്ടില്ലെന്നുള്ളതും ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.  മാത്രമല്ല മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ അടക്കമുള്ളവയും പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

സെക്രട്ടേറ്റിലുണ്ടായ തീപിടിത്തം വിവാദമായതിന് പിന്നാലെ രണ്ട് അന്വേഷണ സംഘങ്ങളെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പോലീസ് അന്വേഷണവും ചീഫ് സെക്രട്ടറി നിയോഗിച്ച വിദഗ്ധ സമിതി അന്വേഷണവുമായിരുന്നു അവ.വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിനെ പാടെ തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഫോറന്‍സിക്  റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

അതേസമയം എങ്ങനെ തീപ്പിടിത്തമുണ്ടായി എന്ന് ഇതില്‍ പറയുന്നില്ല. റിപ്പോര്‍ട്ട് ഡിജിപിക്കാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് ഡിജിപി ഇത് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.