ഫേയ്‌സ്ബുക്കിൽ മോദിയെക്കാൾ രാഹുലാണ്‌ മുമ്പൻ എന്ന് കോൺഗ്രസ്സ്; എഫ്ബി എന്‍ഗെയ്ജ്‌മെന്റില്‍ മോദിയെ മറികടന്ന് രാഹുല്‍

single-img
6 October 2020

ഫേയ്‌സ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഫേയ്‌സ്ബുക്ക് എന്‍ഗെയ്ജ്‌മെന്റില്‍ പ്രധാനമന്ത്രിയേക്കാള്‍ 40 ശതമാനം വര്‍ദ്ധനയാണ് രാഹുല്‍ ഗാന്ധിക്ക് എന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ‌ അറിയിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 3.5 ശതമാനം ഫോളോവേഴ്‌സും രാഹുലിന് കൂടി.

4.59 കോടി ഫോളോവേഴ്‌സാണ് ഫേയ്‌സ്ബുക്കില്‍ മോദിക്കുള്ളത്. അതേസമയം 35 ലക്ഷം മാത്രം ഫോളോവേഴ്‌സാണ് രാഹുലിന് ഫേയ്‌സ്ബുക്കിലുളളത്. അവിടെയാണ് 27 ദിവസത്തെ അനലിറ്റിക്‌സ് പ്രകാരം രാഹുലിന്റെ ഫേയ്‌സ്ബുക്ക് എന്‍ഗെയ്ജ്‌മെന്റ് 1.3 കോടിയായി ഉയരുന്നത്. എന്നാല്‍ ഈ സമയത്ത് പ്രധാനമന്ത്രിയുടെ എന്‍ഗെയ്ജ്‌മെന്റ് 82 ലക്ഷം മാത്രമാണ്.

അനലിറ്റിക്‌സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 1.3 കോടി എന്‍ഗെയ്ജ്‌മെന്റാണ് ഡാറ്റകള്‍ പ്രകാരം രാഹുലിന്റെ എഫ്ബി പേജിലുണ്ടായത്. പേജിന് ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫേയ്‌സ്ബുക്ക് എന്‍ഗേയ്ജ്‌മെന്റ് കണക്കാക്കുക.

കാര്‍ഷിക ബില്ലും അത് സംമ്പന്ധിച്ച പ്രതികരണങ്ങളും, ഹാത്രസ് ബലാത്സംഗ കൊലപാതകം തുടങ്ങിയ വിഷയങ്ങളിലെ രാഹുലിന്റെ നിലപാടും പ്രവർത്തികളുമാണ് അദ്ദേഹത്തിന്റെ പേജില്‍ എന്‍ഗെയ്ജ്‌മെന്റുകള്‍ കൂട്ടിയത്. ഈ സമയത്ത് 52 പോസ്റ്റുകളാണ് രാഹുല്‍ തന്റെ പേജില്‍ ഷെയർ ചെയ്തിട്ടുള്ളത്.